പ്രവാസി തൊഴിലാളികളുടെ പെർമിറ്റ് സംവിധാനം; ലളിതമാക്കാൻ തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: പ്രവാസികളായ തൊഴിലാളികളുടെ തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്) സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. വർക്ക്പെർമിറ്റുമായി ബന്ധപ്പെട്ട ചെലവുകൾ കുറക്കുകയും നടപടികൾ ലളിതമാക്കുകയും ലക്ഷ്യമിട്ടാണ് നടപടി.
പുതിയ നടപടികൾ പ്രകാരം പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ ഇനി അവരുടെ താമസാനുമതിയുടെ കാലാവധിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ നൽകും. എന്നാൽ, ജോലിക്കാരെ നിയമിക്കുന്ന കുടുംബങ്ങൾക്ക് അധിക ചെലവ് വരുന്നത് ഒഴിവാക്കാൻ വീട്ടുജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ നിലനിർത്തും. ഭിന്നശേഷിയുള്ളവർ, പരിചരണം ആവശ്യമുള്ള മുതിർന്ന പൗരന്മാർ, സാമൂഹികസഹായം ലഭിക്കുന്ന കുറഞ്ഞ വരുമാനക്കാർ, വീടുകളിൽ പരിചരണം ആവശ്യമുള്ള രോഗികൾ തുടങ്ങിയവർക്ക് സഹായകരമായി നിയമിക്കുന്ന വീട്ടുജോലിക്കാരുടെ പെർമിറ്റ് ഫീസുകൾ മൊത്തമായി ഒഴിവാക്കും. കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറക്കുകയും ആവശ്യമായ പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽദാതാക്കൾക്ക് ഇപ്പോൾ തൊഴിലാളിയുടെ ജോലിയുടെ കാറ്റഗറി (ജോബ് കാറ്റഗറി) മാറ്റാൻ പുതിയ പെർമിറ്റ് എടുക്കേണ്ടതില്ല. പകരം നിലവിലെ കാറ്റഗറിയിലെ ഫീസിൽനിന്ന് പുതിയ കാറ്റഗറിയിലേക്ക് അധികം വരുന്ന ഫീസ് തുക മാത്രം അടച്ചാൽ മതി. തൊഴിൽവിപണിയിലെ സൗകര്യവും കാര്യക്ഷമതയും വർധിപ്പിക്കുകയും പെർമിറ്റിനായി കൂടുതലായി ഓഫിസ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയുമാണ് പുതിയ ഇളവുകൾകൊണ്ട് ലക്ഷ്യമിടുന്നത്.
ദാനസ്ഥാപനങ്ങൾ, പള്ളികൾ, ദേവാലയങ്ങൾ തുടങ്ങി സിവിൽ സൊസൈറ്റി, മനുഷ്യാവകാശ സംഘടനകൾക്കും മതസ്ഥാപനങ്ങൾക്കും ഫീസിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 141 ഒമാനി റിയാൽ ഉണ്ടായിരുന്നത് 101 ഒമാനി റിയാലായി ചുരുക്കി. ഒമാനിവത്കരണ മാനദണ്ഡം പാലിക്കുന്ന സ്ഥാപനങ്ങൾക്ക് 30 ശതമാനം ഫീസിളവും നിശ്ചയിച്ച ഒമാനിവത്കരണവുമായി ബന്ധപ്പെട്ട മാനദണ്ഡം പാലിക്കാത്തവർക്ക് ഇരട്ടി ഫീസും ഈടാക്കും. കൃത്യസമയത്ത് വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പരമാവധി 500 ഒമാനി റിയാൽ വരെ പിഴ ലഭിക്കും. കാലാവധി തെറ്റിക്കാതെ വർക്ക് പെർമിറ്റ് പുതുക്കാൻ പ്രോത്സാഹിപ്പിക്കാനാണ് ഈ പിഴ നടപടിയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം തൊഴിലാളിയുടെ മരണം, വിസ മാറ്റം, തൊഴിലാളി രാജ്യം വിടൽ തുടങ്ങിയ ചില പ്രത്യേക സാഹചര്യങ്ങളിൽ ഫീസ് ഒഴിവാക്കും. വിസ അംഗീകാരം ലഭിക്കാത്തത്, മെഡിക്കൽ പരിശോധന പരാജയം, തൊഴിലാളിയുടെ മടക്കം, 90 ദിവസത്തിനുള്ളിൽ ജോലിമാറ്റം എന്നിവ മൂലം പെർമിറ്റ് ഉപയോഗിക്കാനാകാത്ത സാഹചര്യത്തിൽ റീഫണ്ട് അല്ലെങ്കിൽ കുറഞ്ഞ ഫീസിൽ പകരം പെർമിറ്റ് ലഭിക്കും.
തൊഴിൽദാതാവിന്റെ മരണം, കമ്പനി ബാങ്ക് കക്കെണിയിലാവുകയോ അമ്പനി അടച്ചുപൂട്ടുയോ ചെയ്യുക, തൊഴിലാളി ജയിലിലാവുക, അല്ലെങ്കിൽ പാസ്പോർട്ട് അധികൃതർ പിടിച്ചെടുക്കുക പോലുള്ള സാഹചര്യങ്ങളിലും വർക്ക്പെർമിറ്റ് പുതുക്കൽ വൈകിയതിനുള്ള പിഴ ഒഴിവാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

