തൊഴിൽ നിയമലംഘന പരിശോധന ശക്തം; 7,615 പ്രവാസികളെ നാടുകടത്തി
text_fieldsസെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷൻ ജീവനക്കാർ പരിശീലനത്തിൽ
മസ്കത്ത്: തൊഴിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി അധികൃതർ. ഈ വർഷം മേയ് വരെ നടത്തിയ പരിശോധനയിൽ 12,319 ആളുകളെ അറസ്റ്റ് ചെയ്തു. 7,615 വ്യക്തികളെ നാടുകടത്തി. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷനുമായി സഹകരിച്ചായിരുന്നു തൊഴിൽ മന്ത്രാലയം പരിശോധനകൾ നടത്തിയത്.
ഒമാനിലുടനീളം തൊഴിൽ നിയമ നിർവഹണത്തെ പിന്തുണക്കുന്നതിനുള്ള സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നതാണിതെന്ന് അധികൃതർ പറഞ്ഞു. തൊഴിൽ പരിശോധനകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന് ചില ചുമതലകൾ തൊഴിൽ മന്ത്രാലയം നൽകിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഒമാനി കേഡറുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്.
സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷൻ ജീവനക്കാർ പരിശീലനത്തിൽ
പ്രത്യേക സുരക്ഷ സേവനങ്ങൾ നൽകി വിവിധ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ വിജയകരമായ ദേശീയ മാതൃകയാണ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷൻ കമ്പനിയെന്ന് സി.ഇ.ഒ വിരമിച്ച ബ്രിഗേഡിയർ ജനറൽ സഈദ് ബിൻ സുലൈമാൻ ആൽ അസ്മി ഒമാൻ ന്യൂസ് ഏജൻസിയോട് (ഒ.എൻ.എ) പറഞ്ഞു. കഴിഞ്ഞ വർഷം കോർപറേഷന്റെ പരിശോധന യൂനിറ്റ് 23,566 തൊഴിൽ നിയമലംഘകരെ അറസ്റ്റ് ചെയ്തു. 18,053 പേരെ നാടുകടത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയിൽ പൂർണമായും ഒമാനികളാണ് പ്രവർത്തിക്കുന്നത് നിലവിൽ എല്ലാ ഗവർണറേറ്റുകളിലുമായി ആകെ 12,210പേരാണുള്ളത്. ഈ വർഷാരംഭം മുതൽ കോർപറേഷൻ 665 പൗരന്മാരെ നിയമിച്ചിട്ടുണ്ട്. മേയ് മാസത്തോടെ 2,000 പേരെ കൂടി നിയമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ തസ്തികകൾക്കായി, പ്രത്യേകിച്ച് കാവൽ, സുരക്ഷ പ്രവർത്തനങ്ങളിൽ കോർപറേഷൻ പ്രതിവർഷം 1,800 ഒമാനി പൗരന്മാരെ പരിശീലിപ്പിക്കുകയും യോഗ്യരാക്കുകയും ചെയ്യുന്നു.
തൊഴിൽ നിയമലംഘനം കണ്ടെത്തുന്നതിന് പുറമേ, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് തീരദേശ നിരീക്ഷണത്തിനും കമ്പനി സഹായം നൽകുന്നുണ്ട്. അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഡ്രോണുകളും സജീകരിച്ച വാഹനങ്ങളും വിന്യസിക്കുന്നു. ഈ മേഖലയിൽ 400ലധികം പൗരന്മാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
വ്യവസായിക അഗ്നിശമന ശേഷികളുടെയും തൊഴിൽപരമായ ആരോഗ്യ സേവനങ്ങളുടെയും വിപുലീകരണം, കൃത്രിമ അഗ്നിശമന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, 2030 ഓടെ പ്രാദേശിക ശാഖകൾ തുറക്കൽ എന്നിവ ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നുവെന്ന് ആൽ അസ്മി പറഞ്ഞു. കഴിഞ്ഞ ജനുവരി അഞ്ചു മുതൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന് ചില ചുമതലകൾ നൽകിയിട്ടുണ്ട്. നിയമവിരുദ്ധവും അനധികൃതവുമായ തൊഴിൽ തടയുന്നതിനൊപ്പം നിയമലംഘനങ്ങളുടെ എണ്ണം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഒമാനി തൊഴിലാളികളുടെ തൊഴിൽ സുഗമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സുരക്ഷ സേവനങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പരിശോധനാ യൂനിറ്റ്, തൊഴിൽ മന്ത്രാലയവുമായി ഒപ്പുവെച്ച ഒരു കരാറിന് കീഴിൽ 2024ൽ ആണ് രൂപവത്കരിക്കുന്നത്. പരിശോധനാ ജോലികൾ നടത്തുന്നതിലും സുരക്ഷ പിന്തുണ സേവനങ്ങൾ നൽകുന്നതിലും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ലേബർ കെയർ സെന്ററുകൾ കൈകാര്യം ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ പരിശോധന യൂനിറ്റ് നിലവിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
റോയൽ ഡിക്രി നമ്പർ 18/2024 പ്രകാരം ജുഡീഷ്യൽ അധികാരം ഇൻസ്പെക്ഷൻ യൂനിറ്റിനുണ്ട്. ഇത് തൊഴിൽ നിയമവും ഒമാനൈസേഷൻ നിയന്ത്രണങ്ങളും നടപ്പിലാക്കാനുള്ള സ്ഥാപനത്തിന്റെ കഴിവ് വർധിപ്പിക്കുന്നു. പരിശോധന കാമ്പയിനുകൾക്കിടയിൽ സുരക്ഷ പിന്തുണ നൽകുന്നതിനും, തൊഴിൽ നിയമം ലംഘിക്കുന്ന ഒമാനി ഇതര തൊഴിലാളികളെ പിടികൂടുന്നതിനും, ലേബർ കെയർ സെന്ററുകൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.
നിലവിൽ മസ്കത്ത്, വടക്കൻ ബാത്തിന, ദോഫാർ എന്നിവിടങ്ങളിൽ ഇൻസ്പെക്ഷൻ യൂനിറ്റ് പ്രവർത്തിക്കുന്നു. മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലേബർ കെയർ സെന്ററുകൾ ഈ യൂനിറ്റ് തയാറാക്കിയിട്ടുണ്ട്. കൂടാതെ സുരക്ഷ, ആരോഗ്യം മാനദണ്ഡങ്ങൾ എന്നിവ പാലിക്കുകയും ചെയ്യുന്നു. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷൻ റിക്രൂട്ട് ചെയ്യുന്നവർക്ക് പരിശീലനം നൽകുന്നു. ബന്ധപ്പെട്ട അധികാരികളുമായി പ്രത്യേക കോഴ്സുകളും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

