ഇന്ത്യൻ കാലിഗ്രഫി പ്രദർശനത്തിന് തുടക്കമായി
text_fieldsമസ്കത്ത്: ഇന്ത്യൻ കാലിഗ്രഫി പ്രദർശനത്തിന് ഒമാനി ഫൈൻ ആർട്സ് സൊസൈറ്റിയിൽ തുടക്കമായി. സാംസ്കാരിക വിഷയങ്ങളിൽ സുൽത്താെൻറ ഉപദേഷ്ടാവായ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ റൊവാസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. വരുന്ന ശനിയാഴ്ച വരെ പ്രദർശനം നീണ്ടുനിൽക്കും. രാവിലെ ഒമ്പതുമുതൽ 1.30വരെയും വൈകീട്ട് 4.30 മുതൽ എട്ടു വരെയും പ്രദർശനത്തിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫെസ്റ്റിവൽ ഒാഫ് ഇന്ത്യ ഇൻ ഒമാൻ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ നവംബർ അവസാനം ഒമാൻ അവന്യൂസ് മാളിൽ നടന്ന പ്രദർശനമാണ് കൂടുതൽ വിപുലമായ രീതിയിൽ സരൂജിലെ ഫൈൻ ആർട്സ് സൊസൈറ്റിയിൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ ഇസ്ലാമിക് കാലിഗ്രഫി പാരമ്പര്യത്തെ കുറിച്ച് വിശദമായ ചിത്രം പകർന്നുനൽകുന്ന പ്രദർശനം ഒമാൻ അവന്യൂസ് മാളിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരെ ആകർഷിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഒമാൻ കാലിഗ്രഫിക് സൊസൈറ്റിയുമായി ചേർന്ന് പ്രദർശനം സംഘടിപ്പിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന മൃഗത്തോലിലുള്ള ഖുർആെൻറ പകർപ്പാണ് പ്രദർശനത്തിെൻറ ആകർഷണം. ഇതടക്കം നാൽപതോളം കൈയെഴുത്ത് പ്രതികളാണ് പ്രദർശനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
