അര നൂറ്റാണ്ടിനടുത്ത പ്രവാസജീവിതത്തിൽനിന്ന് കുഞ്ഞിബാവ മടങ്ങുന്നു
text_fieldsകുഞ്ഞിബാവക്ക് കെ.എം.സി.സി കോർണീഷ് പ്രവർത്തകർ നൽകിയ യാത്രയയപ്പ്
മത്ര: ആദ്യകാല പ്രവാസികളില്‍ അവശേഷിക്കുന്ന കണ്ണികളിലൊരാള്‍ കൂടി നാടണയുന്നു. നീണ്ട 48 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ടാണ് തൃശൂർ തിരുനല്ലൂർ സ്വദേശി കുഞ്ഞിബാവ നാടണയുന്നത്. 1977 ആഗസ്റ്റ് 23നാണ് മത്ര കോര്‍ണീഷിലുള്ള സുല്‍ത്താന്‍ ഖാബൂസ് പോർട്ടില്‍ കുഞ്ഞിബാവ കപ്പലിറങ്ങിയത്. ബോംബെയിൽനിന്ന് (ഇന്നത്തെ മുംബൈ) അക്ബര്‍ എന്ന കപ്പലേറി അഞ്ചുദിവസം യാത്ര ചെയ്താണ് മസ്കത്തിലെത്തിയത്. കപ്പല്‍ ആദ്യം പോയത് ദുബൈ തീരത്തേക്കായിരുന്നു. ദുബൈയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ ശേഷമാണ് കപ്പല്‍ മത്ര കോര്‍ണീഷില്‍ നങ്കൂരമിട്ടത്.
ആദ്യത്തെ ആറ് വര്‍ഷക്കാലം മത്ര ഖോജാ ഗല്ലിയിലുള്ള സ്വദേശി ബിസിനസ് പ്രമുഖന്റെ പാചകക്കാരനായിട്ടാണ് ജോലി ആരംഭിച്ചത്. ജീവിത പ്രാരാബ്ധങ്ങള്‍ കാരണം ചെറുപ്പത്തിലേ നാടുവിട്ട് ബോംബെയില്‍ ജോലിയുമായി കഴിഞ്ഞ്കൂടവെ, മത്രയിലുണ്ടായിരുന്ന അമ്മാവന്റെ മകന് വഴിയാണ് ഒമാനിലേക്കുള്ള വിസ ശരിയാക്കിയത്. മത്രയിലെ ആറുവര്‍ഷം നീണ്ട സ്വദേശിവീട്ടിലെ ജോലിക്ക് ശേഷം അന്നത്തെ പ്രതിരോധ മന്ത്രി ബദർ ബിൻ സൗദ് അൽ ബുസൈദിയുടെ വീട്ടിൽ അഞ്ച് വർഷത്തോളം ജോലി ചെയ്തു. ശേഷം മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ ജോലി ലഭിച്ചു. 14 വർഷത്തോളം അവിടെ ജോലി ചെയ്തുവരവെയാണ് സ്വദേശിവത്കരണം നിലവില്‍ വന്നത്. അതോടെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോയി. ഒന്നര വര്‍ഷം കഴിഞ്ഞാണ് വീണ്ടും ഒമാനിലേക്ക് വിമാനം കയറിയത്.
പിന്നീടുള്ള 25വർഷവും ജോലി ചെയ്തത് ഗാലയിലുള്ള സെവൻ സീസ് എന്ന കമ്പനിയിലാണ്. അവിടെനിന്ന് പിരിഞ്ഞാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ നാട് പിടിക്കാനുള്ള തീരുമാനം എടുത്തത്.
മത്ര, ഗാല, സോഹാര്‍, ഖോറം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്ത നീണ്ട പ്രവാസ കാലത്തിന്റെ അനുഭവമുണ്ട് എഴുപതുപിന്നിട്ട കുഞ്ഞിബാവക്ക്. സ്നേഹസമ്പന്നരാണ് ഒമാനി സ്വദേശികള്‍. അര നൂറ്റാണ്ടിന് അടുത്ത പ്രവാസത്തില്‍ നല്ല ഓര്‍മകളല്ലാതെ ദുരനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് കുഞ്ഞിബാവ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആദ്യമായി ഒമാനില്‍ വരുന്ന സമയത്ത് ഒമാന്‍ അവികിസിതമായിരുന്നു. കണ്‍മുമ്പിലൂടെയാണ് ദ്രുതഗതിയില്‍ വികസനക്കുതിപ്പ് നടന്നുകൊണ്ടിരുന്നത്. എയര്‍ കണ്ടീഷന്‍ ആഡംബര വസ്തു പോലെ അപൂര്‍വമായിരുന്നു അക്കാലത്ത്. നല്ല ചൂടുകാലത്ത് ടെറസില്‍ തുണി നനച്ചിട്ട് കിടന്ന ഓര്‍മകളൊക്കെ പുതുതലമുറകള്‍ക്ക് അവിശ്വസനീയമായി തോന്നാം. റോഡുകളും മറ്റും ഇന്ന് കാണുന്നത് പോലെ അല്ലായിരുന്നു. മിക്കയിടങ്ങളിലും പൊടിപാറുന്ന കച്ച റോഡുകളാണ്. അന്ന് കോർണീഷില്‍ മത്സ്യമാർക്കറ്റുമില്ല. ബോട്ടുകള്‍ കടല്ക്കരയില് അടുപ്പിച്ചാണ് മത്സ്യവിൽപന.
30 റിയാൽ മാസ ശമ്പളത്തിനായിരുന്നു ജോലി. അന്ന് ആയിരം രൂപ നാട്ടിലേക്ക് അയക്കാന്‍ 45 റിയാല്‍ ആവശ്യമാണ്. ആയിരം രൂപ നാട്ടിലേക്ക് അയക്കണമെങ്കില്‍ സുഹൃത്തുക്കളോട് തിരിമറി നടത്തി രൂപ തികക്കണം. അന്ന് രൂപക്ക് മൂല്യമുണ്ടായിരുന്നു എന്നത് വേറെ കാര്യം.
അതേസമയം ഇന്ന് ആയിരം രൂപ അയക്കാന്‍ നാല് റിയാല്‍ മതി എന്നിടത്തേക്കെത്തി. എന്തായാലും കഷ്ടപ്പാടുകളും സൗകര്യങ്ങളും കുറഞ്ഞ ആദ്യകാലത്തെ ജീവിതസുഖം സുഖലോലുപത വര്‍ധിച്ച ഇക്കാലത്തില്ലെന്നതാണ് അനുഭവമെന്ന് കുഞ്ഞിബാവ പറയുന്നു.
1979ലായിരുന്നു വിവാഹം. ഭാര്യ സുഹറയും രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. മക്കളില്‍ ഒരാൾ ബാപ്പയുടെ പാരമ്പര്യം കാക്കാനായി ഒമാനിലുണ്ട്. ഒരാൾ ഖത്തറില്‍ പ്രവാസിയാണ്.
പെണ്മക്കൾ രണ്ടുപേരെയും പെങ്ങൾമാരെയും നല്ലനിലയില്‍ കെട്ടിച്ചു വിട്ടു. വീട് വെച്ചു. വലിയ സമ്പാദ്യമൊന്നും പറയാനായി ഇല്ലെങ്കിലും ഒമാന്‍ പ്രവാസം കൊണ്ട് അല്ലലില്ലാതെ ജീവിത നൗക തുഴയാനായി എന്ന സംതൃപ്തിയോടെയാണ് കുഞ്ഞിബാവയുടെ മടക്കം.
പ്രവാസജീവിതത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞിബാവക്ക് മസ്കത്ത് കെ.എം.സി.സി കോർണീഷ് ഏരിയ യാത്രയയപ്പ് നല്കി. ഹാഷിം മത്ര ഉപഹാരം കൈമാറി. അജ്മൽ കബീർ, അനീഷ് സെയ്ദ്, മൂസാൻ, നജീബ്, റഷീദ് അൽഫനാർ, നിസാം, മുഹമ്മദ് മാഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

