മുസന്ദത്തിന്റെ പൈതൃകം വിളിച്ചോതി കുംസാർ ഫെസ്റ്റിവലിന് സമാപനം
text_fieldsവിന്റർ മുസന്ദം’ സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച കുംസാർ ഫെസ്റ്റിവലിൽ പരമ്പരാഗത
വിനോദത്തിലേർപ്പെട്ട പെൺകുട്ടികൾ
ഖസബ്: ‘വിന്റർ മുസന്ദം’ സീസണിന്റെ ഭാഗമായി ആദ്യമായി സംഘടിപ്പിച്ച കുംസാർ ഫെസ്റ്റിവൽ വൻ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും സമാപിച്ചു. ബോട്ടിലൂടെ സഞ്ചരിച്ചുമാത്രം എത്താനാവുന്ന തീരഗ്രാമം എന്ന പ്രത്യേകത കൂടിയുള്ള കുംസാറിന്റെ സവിശേഷ പൈതൃകവും കലാരൂപങ്ങളും ഫെസ്റ്റിവലിൽ വിപുലമായി അവതരിപ്പിച്ചു. കുംസാർ ഫെസ്റ്റിവൽ മുസന്ദത്തിന്റെ ടൂറിസം കലണ്ടറിൽ ഒരു ശ്രദ്ധേയമായ ഏടാണെന്നും ബോട്ട് വഴി മാത്രമേ എത്തിച്ചേരാൻ കഴിയൂ എന്ന സവിശേഷത കുംസാർ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നതായും പ്രോഗ്രാം സമിതി അധ്യക്ഷൻ അബ്ദുല്ല ബിൻ അഹമ്മദ് അൽ ഷെഹ്ഹി പറഞ്ഞു. വിവിധ കുടുംബങ്ങൾ നിർമിക്കുന്ന പ്രാദേശിക കരകൗശല ഉൽപന്നങ്ങളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും നാടൻകലകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം കുംസാറിനെ ഒരു സവിശേഷ കടൽപാത ടൂറിസം കേന്ദ്രമായി മാറ്റുക എന്നതുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെസ്റ്റിവലിൽ അതിഥി മജ്ലിസ്, ‘മെയ്ഡ് ഇൻ ഖുംസാർ’ കോർണർ, കലാപ്രദർശനങ്ങൾ, വാദ്യമേളം, പരമ്പരാഗത മത്സരങ്ങൾ, വിനോദപരിപാടികൾ, ഷോപ്പിങ് സ്റ്റാളുകൾ, പരമ്പരാഗത ഭക്ഷണശാലകൾ തുടങ്ങി സമ്പന്നമായ അനുഭവങ്ങൾ സന്ദർശകർക്ക് ഒരുക്കിയിരുന്നു. അൽ റാവഹ്, അൽ നദ്ബ, അൽ സഹ്ബ, അൽ ദാൻ, അൽ ഹമാസിയ്യ എന്നീ ജനകീയകലകളും അൽ സർവ്, അൽ ഖൗൽ തുടങ്ങി കടലുമായി ബന്ധപ്പെട്ട കലാരൂപങ്ങളും ഫെസ്റ്റിവലിന് ഭംഗി കൂട്ടി.
കുട്ടികളുടെ പരമ്പരാഗത കളികളടക്കം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിച്ചു. മലകളും കടലും കൂടിച്ചേരുന്ന അപൂർവ ഭൂപ്രകൃതിയും സുന്ദരമായ ഉൾക്കടൽ പാതകളും മൂലം പ്രശസ്തമാണ് കുംസാർ. ഖുംസാർ കോട്ടയും അതിന്റെ പഴയ പള്ളിയും ചരിത്രപ്രാധാന്യമുള്ളവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

