കുമാരേട്ടൻ, ഒമാൻ മലയാളികളുടെ പ്രിയപ്പെട്ട കവി
text_fieldsമസ്കത്ത്: ജീവിതം തുളുമ്പുന്ന വരികളാണ് സുഹാറിൽ പ്രവാസിയായ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി സജീവ് കുമാർ എന്ന കുമാരേട്ടെൻറ കവിതകളെ ഒമാനിലെ പ്രവാസികൾക്ക് പ്രിയങ്കരമാക്കി തീർക്കുന്നത്. പ്രവാസത്തിലെ പ്രയാസ നൊമ്പരങ്ങളാണ് ഇദ്ദേഹത്തെ കവിയാക്കി തീർത്തത്. സമൂഹ മാധ്യമങ്ങളിലും കുമാരേട്ടനും അദ്ദേഹത്തിെൻറ കവിതകൾക്കും ആരാധകർ ഏറെയാണ്.
15 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം അൽ യമാമ ഗ്യാസ് പ്ലാൻറിലെ ജീവനക്കാരനാണ്. ഇദ്ദേഹത്തിെൻറ കവിതകളെ ഇഷ്ടപ്പെട്ട ദുബൈയിലെ ലക്സി ഇമ്മാനുവൽ എന്ന സുഹൃത്താണ് കുമാരേട്ടൻ എന്ന പേര് വിളിച്ചത്. കോവിഡ് മഹാമാരിയെ ആസ്പദമാക്കി എഴുതിയ 'ഓർമപ്പെടുത്തൽ', തെരുവു ബാല്യങ്ങളുടെ നൊമ്പരങ്ങളെ അക്ഷരങ്ങളിൽ ആവാഹിച്ച 'തെരുവോരം', ബാല്യകാല സ്മരണകളെ കവിതയിൽ അടച്ച 'കുട്ടിക്കാലം' എന്നീ കവിതകളൊക്കെയും സോഷ്യൽ മീഡിയ ഏറ്റെടുത്തവയാണ്. ഇഷ്ടം, പ്രവാസം, യാത്രാമൊഴി, വിദ്യാലയമുറ്റം, വാർധക്യം, എെൻറ പ്രണയിനി, കനൽ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട കവിതകൾ. കവിതാ രചനയിൽ മാത്രമല്ല പൗരുഷ ഗംഭീരമാർന്ന ആലാപനം കൊണ്ടും കുമാരേട്ടൻ ശ്രദ്ധേയനാണ്. മലയാളത്തിെൻറ പ്രമുഖ കവികളെല്ലാം കുമാരേട്ടെൻറ രചനകളെയും ആലാപന ശൈലിയേയും പ്രശംസിച്ചിട്ടുണ്ട്. എഴുതിയ കവിതകൾ ക്രോഡീകരിച്ച് പ്രമുഖ ഗായികാ ഗായകൻമാരെ കൊണ്ട് ആലപിച്ച്, ദൃശ്യവത്കരിച്ച് പുറത്തിറക്കാനുള്ള ശ്രമങ്ങളും ഇതിനോടൊപ്പം നടക്കുന്നു.
ഏറ്റവും പുതിയ കവിതയായ കനൽ ആണ് നിസ്വയിലെ വേൾഡ് മലയാളി ഫെലോഷിപ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇപ്പോൾ നിശ്ചല ദൃശ്യ ആവിഷ്കാരമായി പുറത്തിറക്കിയിരിക്കുന്നത്. തെൻറ പ്രവാസ ജീവിത തിരക്കിനിടയിലും കവിത രചനയിൽ വ്യാപൃതനാണ് ഈ പ്രവാസി. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കവിത 'കാലം' ഉടൻ പുറത്തുവരും. അബൂദബി പ്രവാസി ഭാരത് റേഡിയോ, റേഡിയോ ഏഷ്യ ദുബൈ തുടങ്ങിയവയിൽ സ്ഥിരമായി കവിതകൾ വരാറുണ്ട്. കലാഭവൻ മണി സേവന സമിതിയുടെ സ്നേഹസ്പർശം പുരസ്കാരം അടക്കം നിരവധി ബഹുമതികൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പാണെൻറമുക്കിൽ വാറുവിള വീട്ടിൽ പരേതനായ ദാസെൻറയും, യശോദയുടെയും ഇളയമകനാണ്. നാട്ടിൽ ദീർഘകാലം സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: അനന്യ, സഞ്ജയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

