കുളിരുകോരി സൈഖ്-0.1°C
text_fieldsകോടയിൽ പൊതിഞ്ഞ സൈഖിലെ പർവതമേഖലയുടെ ചിത്രം (ഫയൽ)
മസ്കത്ത്: ഒമാനിൽ ശീതകാലത്തിന് ആരംഭമായതോടെ പല മേഖലകളിലും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. ദാഖിലിയ്യ ഗവർണറേറ്റിലെ സൈഖിൽ ഞായറാഴ്ച കുളിരേറി.
ഇവിടെ പൂജ്യം ഡിഗ്രിയിൽ താഴെ താപനില രേഖപ്പെടുത്തി; -0.1 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയും ഇതാണ്. വരും ദിവസങ്ങളിൽ പർവതമേഖലകളിൽ താപനില ഇനിയും താഴുമെന്ന സൂചനയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി നൽകുന്നത്. സൈഖിനുപുറമെ, മറ്റു മേഖലകളിലും അന്തരീക്ഷ താപനില താഴ്ന്നുതുടങ്ങിയിട്ടുണ്ട്. മദ്ദയിലും സനൈനയിലും 8.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഹംറ അൽ ദുറൂഅയിൽ 8.5 ഡിഗ്രി സെൽഷ്യസും ഖമൈറയിൽ 8.6 ഡിഗ്രിസെൽഷ്യസും ഞായറാഴ്ച താപനില രേഖപ്പെടുത്തി.
തീരമേഖലയിലും മരുഭൂപ്രദേശങ്ങളിലും തണുപ്പേറിത്തുടങ്ങിയിട്ടുണ്ട്. തുംറൈത്തിൽ 6.1ഡിഗ്രിയും ഹൈമയിൽ 8.2 ഡിഗ്രിയുമായി കഴിഞ്ഞദിവസത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. അതേസമയം, ശീതകാലത്തെ സാഹചര്യത്തിൽ പകൽസമയത്തെ താപനിലയിൽ കാര്യമായ വർധനവോ കുറവോ ഇല്ല. രാജ്യത്ത് ജലാൻ ബാനി ബൂ അലി ഹസനിലാണ് കഴിഞ്ഞദിവത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. 28.6 ഡിഗ്രി സെൽഷ്യസാണ് ജലാൻ ബാനി ബൂ അലിയിലെ കഴിഞ്ഞദിവസത്തെ പരമാവധി പകൽച്ചൂട്.
മിർബാത്തിൽ 28.2 ഡിഗ്രിസെൽഷ്യസും ദിമ വതായീനിൽ 27.4 ഡിഗ്രി സെൽഷ്യസും താപനിലയാണുള്ളത്. തീരനഗരമായ സലാലയിലും (26.4 ഡിഗ്രി സെൽഷ്യസ്) മസീറയിലും (26.5 ഡിഗ്രി സെൽഷ്യസ്) ശീതകാലത്തിന്റെ ആരംഭത്തെ സൂചിപ്പിച്ച് പകൽച്ചൂടിൽ നേരിയ ശമനം രേഖപ്പെടുത്തി.
ഞായറാഴ്ചയാണ് ഒമാനിൽ ശൈത്യകാലത്തിന് ഔദ്യോഗിക കണക്കുപ്രകാരം തുടക്കം കുറിച്ചത്. 88 ദിവസവും 23 മണിക്കൂറും 42 മിനിറ്റും നീളുന്നതാണ് രാജ്യത്തെ ശൈത്യകാലം. ഞായറാഴ്ച രാത്രി 7.03 നായിരുന്നു ശൈത്യകാലത്തിന്റെ ആരംഭം. ഈ വർഷത്തെ ദൈർഘ്യം കുറഞ്ഞ പകലും ദൈർഘ്യമേറിയ രാത്രിയുമായാണ് ഞായറാഴ്ച കടന്നുപോയത്. 10 മണിക്കൂറും 41 മിനിറ്റും മാത്രമായിരുന്നു പകൽസമയമുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

