ക്രെസ്റ്റൺ മേനോൻ അൽ ദോഹ് ഒമാനിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു
text_fieldsമസ്കത്ത്: പ്രമുഖ ഓഡിറ്റ്, ബിസിനസ് അഡ്വൈസറി സ്ഥാപനമായ ക്രെസ്റ്റൺ മേനോൻ, ഒമാനിലെ പ്രമുഖ പ്രഫഷനൽ സേവന സ്ഥാപനമായ അലി അൽ ദോഹ് ആൻഡ് കമ്പനിയുമായി സഹകരിച്ച് ക്രെസ്റ്റൺ മേനോൻ അൽ ദോഹ് എന്ന ബ്രാൻഡിലൂടെ ഒമാനിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആഗോള നിക്ഷേപകരെ ഒമാനിലെ ബിസിനസ് അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഒമാനി കമ്പനികളുടെ അന്താരാഷ്ട്ര വിപുലീകരണത്തിനും പിന്തുണ നൽകുകയാണ് ലക്ഷ്യം.
ഒമാനിലെ പ്രത്യേക സാമ്പത്തിക മേഖലകളുടെയും ഫ്രീസോണുകളുടെയും പബ്ലിക് അതോറിറ്റി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ അധ്യക്ഷതയിൽ ഒക്ടോബർ 27ന് മസ്കത്തിലെ മാൻഡറിൻ ഓറിയന്റൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
2009ൽ സ്ഥാപിതമായ അലി അൽ ദോഹ് ആൻഡ് കമ്പനി, ഓഡിറ്റ്, അക്കൗണ്ടിംഗ്, നികുതി, ബിസിനസ് അഡ്വൈസറി മേഖലകളിൽ ഒമാനിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള സ്ഥാപനമാണ്. അന്താരാഷ്ട്ര കമ്പനികൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കുടുംബ ബിസിനസുകൾ, വ്യവസായ ഗ്രൂപ്പുകൾ എന്നിവയുൾപ്പെടുന്ന വിപുലമായ ഉപഭോക്തൃനിരയാണ് സ്ഥാപനത്തിനുള്ളത്.
ഉൽപാദനം, ഷിപ്പിങ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ, നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലും സ്ഥാപനത്തിന് മികച്ച പ്രവർത്തനപരിചയമുണ്ട്.
1994ൽ ദുബായിൽ സ്ഥാപിതമായ ക്രെസ്റ്റൺ മേനോൻ കമ്പനിക്ക് കീഴിൽ, യു.എ.ഇ, ഇന്ത്യ, മറ്റ് ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലായി 500ലധികം പ്രഫഷനലുകൾ പ്രവർത്തിക്കുന്നു. ഓഡിറ്റ്, നികുതി, ബിസിനസ് അഡ്വൈസറി, ഫിനാൻഷ്യൽ അഡ്വൈസറി, കോർപറേറ്റ് സർവിസസ്, ടെക്നോളജി കൺസൾട്ടിങ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്താണ് ക്രെസ്റ്റൺ മേനോനുള്ളത്.
നിക്ഷേപ കേന്ദ്രമെന്ന നിലയിലും പ്രാദേശിക, അന്താരാഷ്ട്ര വിപണികളിലേക്ക് വളരാൻ ആഗ്രഹിക്കുന്ന ബിസിനസുകളുടെ പ്രവർത്തനകേന്ദ്രമെന്ന നിലയിലും ഒമാന് വലിയ സാധ്യതകളാണുള്ളതെന്ന് ക്രെസ്റ്റൺ മേനോൻ ചെയർമാൻ രാജു മേനോൻ പറഞ്ഞു. ഒമാനിലെ ബിസിനസ് മേഖലയുടെ ആവശ്യങ്ങളെക്കുറിച്ചും വിപണിയുടെ പ്രത്യേകതകളെക്കുറിച്ചും വർഷങ്ങളായുള്ള പ്രവർത്തനത്തിലൂടെ ആഴത്തിലുള്ള ധാരണ നേടിയിട്ടുണ്ടെന്ന് ക്രെസ്റ്റൺ മേനോൻ അൽ ദോഹ് ഡയറക്ടർ മുഹമ്മദ് അൽ ദോഹ് പറഞ്ഞു. നിക്ഷേപാവസരങ്ങളുടെ പ്രാഥമിക വിലയിരുത്തൽ മുതൽ ബിസിനസ് സ്ഥാപിക്കുന്നതിലും തുടർന്നുള്ള വളർച്ചയിലും വരെ ആവശ്യമായ വിദഗ്ധ സേവനങ്ങൾ ഒരേ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

