കെ.പി.സി.സി നടപടി: ഏകാധിപത്യത്തിനെതിരെ പരാതിനൽകുമെന്ന്
text_fieldsമസ്കത്ത്: ഒ.ഐ.സി.സി മുൻ നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദീക്ക് ഹസ്സൻ ഉൾെപ്പടെ ഉള്ളവർക്ക് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നിൽ ഔദ്യോഗിക പക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന് സിദ്ദീക്ക് ഹസ്സന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ആരോപിച്ചു. ഇതിനെതിരെ ന്യായമായ രീതിയിൽ നീതിലഭിക്കും വരെ പോരാടുമെന്നും കെ.പി.സി.സി നേതൃത്വത്തെ നേരിൽ സമീപിക്കുമെന്നും ഇവർ പറഞ്ഞു. സംഘടനക്കു വേണ്ടി ആത്മാർഥമായി പണിയെടുക്കുന്ന ആളുകളെ അകറ്റിനിർത്തുന്ന ശൈലിയാണ് ഔദ്യോഗിക പക്ഷം സ്വീകരിക്കുന്നത്.
ഒ.എ.സി.സി, ഇൻകാസ്, ഐ.ഒ.സി എന്നീ സംഘടനകളിൽ മാത്രമേ പ്രവർത്തിക്കാവൂ എന്ന കെ.പി.സി.സി സർക്കുലറിനെ ധിക്കരിച്ച് ഗാന്ധി തോട്ട്സ് ചെയർമാനെ ആസ്ഥാന പേരിൽതന്നെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നു.ചിന്തൻ ശിബിരം പോലുള്ള പരിപാടികൾ നടന്നപ്പോൾ പഴയ ഭാരവാഹികളെ അത് അറിയിക്കുകയോ അതല്ല മുതിർന്ന മുൻ ഭാരവാഹികളെ അതിൽ ഉൾപ്പെടുത്തുകയോ ചെയ്തില്ല. റീജനൽ കമ്മിറ്റി നിലനിൽക്കുന്ന സ്ഥലങ്ങളിൽ മെമ്പർഷിപ് കാമ്പയിൻ നടത്തി എന്നുള്ളതാണ് മറ്റൊരു ആരോപണം. മെമ്പർഷിപ് ഇഷ്ടകാർക്കു മാത്രം വിതരണം ചെയ്ത് മുൻകാല പ്രവർത്തകരെ മാറ്റിനിർത്തിയ സാഹചര്യത്തിൽ പ്രവർത്തകരുടെ വികാരത്തെ മാനിച്ചാണ് കാമ്പയിൻ നടത്തിയത്.
പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ഇന്ന് സംഘടനയെ പൊതുസമൂഹത്തിൽ അപഹാസ്യമാക്കുകയാണ്. ഞങ്ങൾ സഹകരിക്കുന്നില്ല എന്ന കള്ളം ഔദ്യോഗിക പക്ഷം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. എന്നാൽ, ഞങ്ങളെ സഹകരിപ്പിക്കാൻ അവർക്ക് താൽപര്യമില്ല എന്നതാണ് സത്യം. ചിന്തൻ ശിബിർ പോലുള്ള സംഘടന പരിപാടിക്കുപോലും വ്യാപക പണ പിരിവ് ആണ് നടത്തിയത്. പൊതു പരിപാടികൾക്കു മാത്രം ഇത്തരം സാമ്പത്തിക സഹായങ്ങൾ സംഘടനകൾ സ്വീകരിക്കാറുള്ളത്. പണപ്പിരിവ് നടത്തിയത്പോലും നേതാക്കളുടെ മക്കളുടെ പേരിലുള്ള അക്കൗണ്ട് വഴിയാണ്. സുതാര്യമായ സംഘടന പ്രവർത്തനമല്ല നടക്കുന്നത്. അഭിപ്രായവ്യതാസമുള്ളവരെ പുറത്താക്കുന്നത് ജനാധിപത്യ വിരുദ്ധവും കോൺഗ്രസിന്റെ സംസ്കാരത്തിന് എതിരുമാണ്. അതുകൊണ്ടു തന്നെ, ഇത്തരം അനീതിക്കെതിരെ കോൺഗ്രസ് പാർട്ടിയിലും ഒ.ഐ.സി.സിയിലും ഉറച്ചുനിന്ന് പോരാട്ടം തുടരുമെന്നു അനീഷ് കടവിൽ, ഗോപകുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

