കൊയിലാണ്ടിക്കൂട്ടം വാർഷികാഘോഷത്തിന് തുടക്കമായി
text_fieldsമസ്കത്ത്: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം പത്താം വാർഷികത്തിന് തുടക്കമായി. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി വിവിധ ചാപ്റ്ററുകളാണ് കൂട്ടായ്മക്കുള്ളത്. മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടയച്ച ശബ്ദസന്ദേശം ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചാണ് ആഘോഷത്തിന് തുടക്കമിട്ടത്.
വാർഷികത്തിെൻറ ലോഗോ പ്രകാശനം സിനിമ താരങ്ങളായ ലെന, സോണിയ മൽഹാർ, ജയരാജ് വാര്യർ, നിർമൽ പാലാഴി, ഗായകൻ ജാസി ഗിഫ്റ്റ് എന്നിവർ ചേർന്ന് നിർവഹിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധ ചാപ്റ്ററുകൾ ചേർന്ന് 10 കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കൊയിലാണ്ടിയുടെ ചരിത്രം, പ്രശസ്തരായ എഴുത്തുകാരുടെയും അംഗങ്ങളുടെയും രചനകൾ, വിവിധ ചാപ്റ്ററുകളുടെ നാടുകളിലെ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുള്ള സുവനീർ, കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ഭക്ഷണ വിതരണം എന്നിവ നടക്കും.
ഓൺലൈനിലും ഓഫ്ലൈനിലുമായി ഒരു വർഷം നീളുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് കൊയിലാണ്ടിക്കൂട്ടം സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ ശിഹാബുദ്ദീൻ എസ്.പി.എച്ച്, വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി, വിവിധ ചാപ്റ്റർ ചെയർമാന്മാരായ കെ.ടി. സലിം (ബഹ്റൈൻ ചാപ്റ്റർ), എ. അസീസ് മാസ്റ്റർ (കൊയിലാണ്ടി ചാപ്റ്റർ), ജലീൽ മഷ്ഹൂർ (യു.എ.ഇ ചാപ്റ്റർ), ഫൈസൽ മൂസ (ഖത്തർ ചാപ്റ്റർ), റാഫി കൊയിലാണ്ടി (റിയാദ് ചാപ്റ്റർ), ശിഹാബ് കൊയിലാണ്ടി (ദമ്മാം ചാപ്റ്റർ), നിയാസ് അഹ്മദ് (ഒമാൻ ചാപ്റ്റർ), ചന്ദ്രു പൊയിൽക്കാവ് (ബംഗളൂരു ചാപ്റ്റർ) എന്നിവർ അറിയിച്ചു. 101 അംഗ സ്വാഗതസംഘത്തിെൻറ വിവരങ്ങളും ഒരു വർഷക്കാലം നീളുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിശദ വിവരണങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു.

