ഒമാനിൽ കോവിഡ് വാക്സിനേഷൻ ഞായറാഴ്ച മുതൽ
text_fieldsഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി
മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷന് അടുത്ത ഞായറാഴ്ച മുതൽ തുടക്കമാകും. ഫൈസർ കോവിഡ് വാക്സിെൻറ 15,600 ഡോസ് ഇൗയാഴ്ച ലഭിക്കും. ഞായറാഴ്ച രാവിലെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി തന്നെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഗുരുതര രോഗബാധിതരും ആരോഗ്യ പ്രവർത്തകരുമടക്കം മുൻഗണന പട്ടികയിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക.കോവിഡ് വൈറസിെൻറ പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്നതിെൻറ സൂചനകളില്ലെന്നും ആരോഗ്യമന്ത്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയ തരത്തിലുള്ള വൈറസിനും വാക്സിൻ ഫലപ്രദമാണ്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിനകത്ത് ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം നിരീക്ഷിച്ചുവരുകയാണ്.
ലോക്ഡൗണിന് സുപ്രീം കമ്മിറ്റി തീരുമാനിക്കുന്നപക്ഷം അത് കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാവുക. അതിർത്തികൾ അടക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം മുൻകരുതൽ നടപടിയുടെ ഭാഗമാണ്. ഏതെല്ലാം രാജ്യങ്ങളിലാണ് കോവിഡ് വൈറസിെൻറ പുതിയ വകഭേദം പടരുന്നതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇൗ തീരുമാനം കൈക്കൊണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആഗോള തലത്തിൽ 300 കമ്പനികളാണ് കോവിഡ് വാക്സിൻ കണ്ടെത്തുന്നതിനായുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നത്. ഒമാൻ ആവശ്യമായ വാക്സിെൻറ 10 ശതമാനം ഗ്ലോബൽ വാക്സിൻ അലയൻസ് കൂട്ടായ്മ വഴി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുകയാണ്. സാമൂഹിക അവബോധവും പ്രതിരോധ നടപടികൾ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ് രോഗവ്യാപനം കുറയാൻ കാരണം. മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, വ്യക്തിശുചിത്വം പുലർത്തൽ എന്നിവയാണ് കോവിഡിനെ എതിരിടാനുള്ള മികച്ച മാർഗങ്ങളെന്നും ഡോ. അൽ സഇൗദി ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

