കോവിഡ്: വിദ്യാലയങ്ങൾക്ക് മാർഗനിർദേശം
text_fieldsമസ്കത്ത്: നോവൽ കൊറോണ വൈറസ് (കോവിഡ് 19) ബാധയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കാ യി വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. രോഗബാധ പടരാതിരിക്കാൻ കൈക്ക ൊള്ളേണ്ട മുൻകരുതലുകൾ സംബന്ധിച്ചാണ് സർക്കുലർ. സ്കൂൾ തലത്തിലും ഗവർണറേറ്റ് തലത്തിലുമുള്ള എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങളും നീട്ടിവെക്കാൻ സർക്കുലറിൽ നിർദേശിക്കുന്നു. രോഗബാധ പടരുന്നത് കുറക്കുന്നതിനായി കൈക്കൊള്ളേണ്ട പ്രതിരോധ നടപടികൾ സംബന്ധിച്ച് പ്രഭാത അസംബ്ലിയിൽ നിർദേശങ്ങൾ നൽകണം. കുട്ടികൾക്ക് എളുപ്പത്തിൽ വായിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന നിർദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ സ്കൂൾ പരിസരങ്ങളിൽ ഒട്ടിക്കണം. ഇതോടൊപ്പം സ്കൂളിലും പ്രാദേശിക സമൂഹത്തിലും ആരോഗ്യ വിദ്യാഭ്യാസ സംസ്കാരം വളർത്താൻ ലക്ഷ്യമിട്ടുള്ള ടെക്സ്റ്റ് മെസേജുകളും സമൂഹ മാധ്യമ സന്ദേശങ്ങളും പ്രചരിപ്പിക്കുകയും വേണം.
കഫറ്റീരിയകളിൽ വിദ്യാർഥികൾ ഒരുമിച്ചു കൂടുന്ന സാഹചര്യം ഒഴിവാക്കണം. വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് കഫറ്റീരിയ പ്രവർത്തിക്കുന്നതിന് അനുയോജ്യമായ സംവിധാനത്തിന് രൂപം നൽകണം. സ്കൂൾ ബസുകൾ വിദ്യാർഥികളുമായി പോകുേമ്പാൾ ജനാലകൾ തുറന്നിടണം. ബസുകൾ കൃത്യമായ ഇടവേളകളിൽ സാനിറ്ററി സ്റ്റെറിലൈസറുകളും അണുനാശിനികളും ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ വിവിധ തലങ്ങളിൽ ഉൗഹാപോഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. റസ്റ്റാറൻറുകളിൽനിന്ന് ഭക്ഷണം കഴിക്കുകയോ പാഴ്സൽ വാങ്ങുകയോ ചെയ്യരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചതായുള്ള പ്രചാരണമാണ് ഒന്ന്. ഇൗ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ഇത്തരം നിർദേശം നൽകിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാഴ്ചത്തേക്ക് സ്കൂളുകൾക്ക് അവധി നൽകിയതായ വാട്സ്ആപ് സന്ദേശത്തിനും പ്രചാരമേറെയായിരുന്നു. സന്ദേശം വാസ്തവവിരുദ്ധമാണെന്നും ഇത്തരം നിർദേശം നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വക്താവ് അറിയിച്ചു.
ഉൗഹാപോഹങ്ങളും വാസ്തവവിരുദ്ധ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ മുഖാവരണം ധരിച്ച് പൊതുസ്ഥലങ്ങളിൽ എത്തുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. നിരവധി സ്ഥാപനങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിനുപുറത്ത് യാത്രചെയ്ത ജീവനക്കാർക്ക് മുൻകരുതൽ നടപടികളുടെ ഭാഗമായി രണ്ടാഴ്ചത്തെ അവധിയും നൽകിയിട്ടുണ്ട്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഖാവരണവും ഹാൻഡ് സാനിറ്റൈസറുകളും ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
