മസ്കത്തിലെ ഗോൾഡൻ തുലിപ് ഹോട്ടലിന്‍റെ നടത്തിപ്പ് കൊച്ചി ആസ്ഥാനമായ മാർഗ് ഏറ്റെടുത്തു
text_fieldsമാർഗ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് മാനേജിങ് ഡയറക്ടർ വിജയ് ചെറിയാൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. ഉല്ലാസ് വർഗീസ്, കെ.വി. ഉമ്മർ എന്നിവർ സമീപം
മസ്കത്ത്: റൂവിയിലെ പ്രമുഖ ഫോർ സ്റ്റാർ ഹോട്ടലായ ഗോൾഡൻ തുലിപ് ഹെഡിങ്ടണിന്റെ നടത്തിപ്പ് കൊച്ചി ആസ്ഥാനമായ മാർഗ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ഏറ്റെടുത്തു. വൈവിധ്യമാർന്ന ഭക്ഷണവും മികച്ച താമസൗകര്യവും ബിസിനസ് കോൺഫറൻസുകൾക്കും ആഘോഷ പരിപാടികൾക്കുമുള്ള സംവിധാനവുമൊരുക്കി ഗോൾഡൻ തുലിപിനെ മസ്കത്തിലെ ഒന്നാംനിര ഫോർസ്റ്റാർ ഹോട്ടലാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മാർഗ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് മാനേജിങ് ഡയറക്ടർ വിജയ് ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
45 വർഷത്തെ ഹോട്ടൽ നടത്തിപ്പ് പരിചയത്തിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന്‍റെ ഭാഗമായി മെനു പരിഷ്കരിക്കൽ, സമൂഹ മാധ്യമങ്ങളിലെ പ്രമോഷൻ കൂടുതൽ സജീവമാക്കൽ തുടങ്ങിയവ നടന്നുവരികയാണ്. ട്രിപ് അഡ്വൈസർ, ഗൂഗ്ൾ റിവ്യൂസ് എന്നിവയിലും ബുക്കിങ് ഡോട്ട്കോം, അഗോഡ, എക്സ്പീഡിയ, ഹോട്ടൽ ബെഡ്സ് തുടങ്ങിയ ട്രാവൽ ആപ്പുകളിലും ഹോട്ടലിനെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഉപഭോക്താക്കൾ എഴുതിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീക്കെൻഡ് പാക്കേജുകളും ഫുഡ് ഫെസ്റ്റിവലുകളും സംഘടിപ്പിക്കുമെന്ന് ജനറൽ മാനേജർ ഉല്ലാസ് വർഗീസ് പറഞ്ഞു.
ഹോട്ടലിലെ സിംഫണി റസ്റ്റോറന്റിൽ ഓണത്തിന് സദ്യ അടങ്ങുന്ന ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. പായസം മേള ഈമാസം അവസാനം നടത്തും. 2017ൽ തുടങ്ങിയ ഗോൾഡൻ തുലിപ് ഹോട്ടലിൽ 118 റൂമുകൾ, കഫേ, റസ്റ്റോറന്റ്, ബോർഡ് റൂം, സ്പാ, ഹെൽത്ത് ക്ലബ്, റൂഫ് ടോപ്പ് സ്വിമ്മിങ്പൂൾ, ബാങ്ക്വറ്റ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിൽ ഹോട്ടലിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലിന്‍റെയും മാളിന്‍റെയും പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഗൾഫ് ഇന്‍റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി ഡയറക്ടർ കെ.വി. ഉമ്മറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

