മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയിൽ കൂട്ടരാജി
text_fieldsമസ്കത്ത്: മുസ്ലിംലീഗിെൻറ പ്രവാസി പോഷക സംഘടനയായ കെ.എം.സി.സിയുടെ മസ്കത്ത് കേന്ദ്ര കമ്മിറ്റിയിൽ പൊട്ടിത്തെറി. ഉപദേശകസമിതി ചെയർമാൻ ടി.സി അഷ്റഫും ജനറൽ സെക്രട്ടറി പി.എ.വി അബൂബക്കറുമടക്കം പത്തു പേരാണ് ഭാരവാഹിത്വ സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചത്.
പ്രസിഡൻറ് സി.കെ.വി യൂസുഫിെൻറ സ്വേച്ഛാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് രാജി. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് എന്നിവർക്ക് കഴിഞ്ഞ ദിവസം രാജിക്കത്ത് അയച്ചുെകാടുത്തു.
കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡൻറുമാരായ കെ.കെ സൂപ്പി ഹാജി, ഹമീദ് ധർമടം, സെക്രട്ടറിമാരായ പി.ടി.കെ ഷമീർ, സി.എൻ. നിസാർ, സിദ്ദീഖ് മാതമംഗലം, ഷമീർ പാറയിൽ, ഫൈസൽ വയനാട്, കബീർ നാട്ടിക എന്നിവരാണ് രാജിവെച്ച മറ്റുള്ളവർ.
ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന തർക്കങ്ങളും ചേരിപ്പോരുമാണ് അവസാനം പൊട്ടിത്തെറിയിൽ എത്തിയത്. ഗുരുതരമായ ആരോപണങ്ങൾ പ്രസിഡൻറിനെതിരെ ഇവർ രാജിക്കത്തിൽ ഉന്നയിച്ചിട്ടുള്ളതായി സൂചനയുണ്ട്. ഇൗ മാസം 20നുള്ള പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ മസ്കത്ത് സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന കേന്ദ്ര കമ്മിറ്റി യോഗവും തുടർന്നുള്ള സംഭവങ്ങളുമാണ് രാജിക്കുള്ള പ്രധാന പ്രകോപനം. ആക്ടിങ് പ്രസിഡൻറിെൻറ അധ്യക്ഷതയിലുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിൽ 13ന് പ്രവർത്തക സമിതി വിളിക്കാൻ തീരുമാനിച്ചെങ്കിലും തനിക്ക് അസൗകര്യമുള്ളതിനാൽ അത് വേണ്ടെന്നായിരുന്നു പ്രസിഡൻറ് സി.കെ.വി യൂസുഫിെൻറ നിലപാട്. കഴിഞ്ഞ ഒരു വർഷമായി പ്രവർത്തക സമിതി യോഗം ചേർന്നിട്ടില്ല. സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന പേടിയാണ് ഇതിന് കാരണമെന്നാണ് എതിർപക്ഷത്തിെൻറ ആരോപണം.
കൂടുതൽ സമയവും നാട്ടിൽതന്നെ കഴിയുന്ന പ്രസിഡൻറിന് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കാൻ സാധിച്ചിട്ടില്ല. അതോടൊപ്പം, ആക്ടിങ് പ്രസിഡൻറിെൻറ നേതൃത്വത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് തടസ്സം നിൽക്കുകയും ചെയ്യുന്നുണ്ട്. 2013ലാണ് മൂന്നു വർഷ കാലാവധിയിൽ നിലവിലെ കേന്ദ്രകമ്മിറ്റി അധികാരമേറ്റത്. കമ്മിറ്റി കാലാവധി കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പിന് നടപടിയില്ല. സംസ്ഥാന കമ്മിറ്റിയുടെ കർശന നിർദേശത്തെ തുടർന്ന് അംഗത്വ കാമ്പയിൻ ആരംഭിച്ചെങ്കിലും അതും എവിടെയും എത്തിയിട്ടില്ല. പ്രസിഡൻറിെൻറ നിരുത്തവാദപരമായ പ്രവർത്തനങ്ങൾ മൂലം പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ വിതരണവും മസ്കത്തിൽ നിലച്ചിരിക്കുകയാണ്. സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുന്നവരെ ലീഗ് സംസ്ഥാന നേതൃത്വവുമായുള്ള ബന്ധം പറഞ്ഞ് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സി.കെ.വി വിരുദ്ധപക്ഷം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
