Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകുതിക്കുന്ന രാജ്യം;...

കുതിക്കുന്ന രാജ്യം; ദൃഢമാകുന്ന ബന്ധം

text_fields
bookmark_border
കുതിക്കുന്ന രാജ്യം; ദൃഢമാകുന്ന ബന്ധം
cancel
camera_alt

ഒമാൻ ഭരണാധികാരി സുൽത്താൻ ​ഹൈതം ബിൻ താരിഖും ഇന്ത്യൻ പ്രധാനമന്ത്രി ​നരേന്ദ്ര മോദിയും


അമിത്​ നാരങ്​ (ഇന്ത്യൻ അംബാസഡർ, ഒമാൻ)

ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഈ അഭിമാന മുഹൂർത്തത്തിൽ ബഹുമാന്യരായ പ്രവാസികൾക്ക് എന്റെ ഹൃദ്യമായ അഭിവാദ്യങ്ങൾ. ഈ അവസരത്തിൽ ഇന്ത്യൻ ഗവൺമെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരിൽ സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ നല്ലവരായ ജനങ്ങൾക്കും സമാധാനത്തിനും സമൃദ്ധിക്കും പുരോഗതിക്കുമായുള്ള ആശംസകൾ നേരുന്നു. തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ഉത്സാഹത്തിലൂടെയും ആത്മാർഥതയിലൂടെയും ഒമാനി സമൂഹത്തിൽ വളരെയധികം ബഹുമാനവും ആദരവും നേടിയ ഒമാനിലെ ഇന്ത്യൻ സമൂഹത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ അവരുടെ പങ്ക് വളരെയധികം വിലമതിക്കുന്നു. ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമെമ്പാടുമുള്ള 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങൾ അഭിമാനത്താൽ നിറഞ്ഞു കവിയുകയാണ്.

പുരാതന കാലം മുതൽ ഭാരതത്തിന്റെ മുഖമുദ്രയായിരുന്ന സംവാദം, പങ്കാളിത്ത ഭരണം എന്നിവയുടെ പാരമ്പര്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ ഉദയത്തെക്കുറിച്ച് ഉദ്‌ഘോഷിക്കുന്നു. ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിൽ, അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഇന്ന് മുൻപന്തിയിൽ ആണ്. ആധുനിക ലോകത്ത് ശാസ്ത്ര, ബഹിരാകാശ മേഖലകളിലെ ഒരു പ്രധാന ശക്തി എന്ന നിലയിലും വികസനത്തിന്റെ പാത തെളിയിക്കുന്ന, ശുദ്ധമായ ഊർജം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നിവയിലും ആഗോള സമാധാനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഉൾക്കാഴ്ചയിലും പ്രധാന ശക്തിയും റോൾ മോഡലുമാണ് ഇന്നത്തെ ഇന്ത്യ.

ഗോൾഡ്മാൻ സാച്ച്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം സമ്പന്നരായ പ്രതിശീർഷം 10,000 ഡോളർ വാർഷിക വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം 2027 ആകുമ്പോ​േഴക്ക് 100 ദശ ലക്ഷം കവിയും. 100 ദശ ലക്ഷം ജനസംഖ്യയുള്ള രാഷ്ട്രങ്ങളുടെ എണ്ണം 14 മാത്രമേ ലോകത്ത് ഉള്ളൂ എന്ന വസ്തുത ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

10 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ 11ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. ഏതാനും വർഷങ്ങൾക്കുള്ളിൽ നാം ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥ ആയി കുതിച്ചുചാട്ടം നടത്തുകയും ചെയ്യും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ സമ്പന്നതയുടെ വർധന ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും സ്ഥിരതക്കും ശുഭസൂചകമാകുകയും പങ്കിടപ്പെടുന്ന സമൃദ്ധിക്ക് അത് അവസരം നൽകുകയും ചെയ്യും.

സുഹൃത്തുക്കളേ,

2023 നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ഒരു നാഴികക്കല്ലായിരുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. ജി20യുടെ ഞങ്ങളുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക അതിഥിയായി ഒമാൻ പങ്കെടുത്തതിലൂടെ ഇന്ത്യക്ക് ആദരവ് ലഭിച്ചു. ഒമാനെ ക്ഷണിച്ച ഇന്ത്യയുടെ നടപടി സൗഹൃദത്തിന്റെയും ആത്മാർഥതയെയും ഒമാനുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. ജി20യുടെ 150ലധികം മീറ്റിങ്ങുകളിൽ ഒമാന്റെ പങ്കാളിത്തം അർഥവത്തും ക്രിയാത്മകവുമായിരുന്നു. കൂടാതെ, ഒമാന്റെ വീക്ഷണങ്ങളും ഉൾക്കാഴ്ചകളും വിപുലമായ ചർച്ചകളെ സമ്പന്നമാക്കാൻ സഹായിച്ചു.

2023 ഡിസംബർ 16ന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യ സന്ദർശനം, ഉഭയകക്ഷി ബന്ധങ്ങളിലെ അനുയോജ്യമായ ഒരു നീക്കമായിരുന്നു. 26 വർഷത്തിനിടെ ഒമാനിൽ നിന്നുള്ള ആദ്യത്തെ രാജകീയ സന്ദർശനവും സുൽത്താൻ ഹൈതം ബിൻ താരിഖ് സ്ഥാനാരോഹണം നടത്തിയതിന് ശേഷമുള്ള ആദ്യത്തേതും ആയതിനാൽ, ഈ സന്ദർശനം ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെട്ടു. നേതാക്കൾ തമ്മിലുള്ള സമ്പന്നവും ആഴത്തിലുള്ളതുമായ ചർച്ചകൾക്ക് പുറമേ, ഈ സന്ദർശനം നിർണായകവും ഗണ്യമായതുമായ ഫലങ്ങളും സൃഷ്ടിച്ചു.

ദീർഘദൃഷ്ടിയോടു കൂടിയ ‘ഇന്ത്യ- ഒമാൻ ജോയന്റ് വിഷൻ’ (ഇന്ത്യ-ഒമാൻ സംയുക്ത ദർശനം) എന്ന ആശയം ‘ഭാവിക്കുവേണ്ടിയുള്ള പങ്കാളിത്തം’ എന്ന തലക്കെട്ടിൽ സന്ദർശന വേളയിൽ സ്വീകരിക്കപ്പെട്ടു. ഉഭയകക്ഷി ബന്ധത്തിന്റെ ഭാവിക്കായി ഒമാന്റെയും ഇന്ത്യയുടെയും നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ ഈ പ്രമാണം പ്രതിഫലിപ്പിക്കുന്നു. ‘ഒമാൻ വിഷൻ 2040’നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയ ‘അമൃത് കാൽ’ എന്ന ഇന്ത്യയുടെ വികസന ദർശനത്തിനും ഇടയിലുള്ള സമന്വയം കെട്ടി​പ്പടുക്കാൻ ഇത് ശ്രമിക്കുന്നു.

ഇന്ത്യ-ഒമാൻ സംയുക്ത ദർശനം ഭാവിയിലേക്കുള്ള ഒരു റോഡ് മാപ്പായി നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തിന് അടിത്തറ പാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ രണ്ടു​ വർഷത്തിനിടെ ഇരട്ടിയായി വർധിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ 12.4 ബില്യൺ ഡോളറിലെത്തി. ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഒരു ഉഭയകക്ഷി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തെ കൂടുതൽ സുദൃഢമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.സുൽത്താന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രഖ്യാപിച്ച 300 മില്യൺ ഡോളർ മൂല്യമുള്ള മൂന്നാമത് ഒമാൻ-ഇന്ത്യ സംയുക്ത നിക്ഷേപ ഫണ്ട് നമ്മുടെ നിക്ഷേപ പങ്കാളിത്തത്തിന് വലിയൊരു ഉണർവ് നൽകും.

സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത തപാൽ സ്റ്റാമ്പ്, മികച്ച രീതിയിൽ രൂപകൽപന ചെയ്‌തത് ഒമാനിലെ പ്രഗത്ഭനായ ഒരു പ്രവാസി കലാകാരനാണ്. ആഴത്തിൽ വേരൂന്നിയ, നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ നേർ സാക്ഷ്യമാണത്.

സന്ദർശന വേളയിൽ ഒപ്പുവെച്ച അഞ്ച്​ ധാരണാപത്രങ്ങൾ, സംസ്കാരം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം ഉൾപ്പെടെ ദോഫാർ സർവകലാശാലയിൽ ഹിന്ദി ഭാഷയിൽ ഒരു ചെയർ സ്ഥാപിക്കുന്നതും വിവിധ മേഖലകളിലെ നമ്മുടെ സഹകരണം കൂടുതൽ ആഴത്തിലാക്കും.

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന സൗഹൃദമാണ്. പരസ്പര വിശ്വാസവും ബഹുമാനവും അടയാളപ്പെടുത്തുന്ന ഒരു ആധുനിക കാലത്തെ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും അതത് ദേശീയ ദർശനങ്ങളുടെ സമന്വയത്തിൽ വേരൂന്നിയ ഭാവിക്കു വേണ്ടിയുള്ളതാണ്​. നമ്മുടെ നേതാക്കളുടെ ദീർഘവീക്ഷണത്തിനും മാർഗനിർദേശത്തിനും കീഴിൽ, ഇന്ത്യ-ഒമാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്​.

സുൽത്താന്‍റെ ‘വിഷൻ 2040’ കൈവരിക്കുന്നതിനുള്ള ചുവടുകൾ ഒമാൻ സ്വീകരിക്കുമ്പോൾ, ഇറക്കുമതിക്കുള്ള വിശ്വസനീയമായ സ്രോതസ്സ്, ഒമാന്റെ കയറ്റുമതിക്കും നിക്ഷേപത്തിനുമുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനം, ഒമാന്റെ സമ്പദ്‌വ്യവസ്ഥക്കുള്ള ഒരു ടാലന്റ് പൂൾ, സാങ്കേതികവും സാമ്പത്തികവുമായ വൈവിധ്യവത്കരണത്തിൽ പങ്കാളി എന്നിങ്ങനെ ഇന്ത്യ ഒമാന്റെ സ്വാഭാവിക പങ്കാളിയാണ്. 2024ലേക്ക് നമ്മൾ ചുവടുവെക്കുമ്പോൾ, ആരോഗ്യം, വിനോദസഞ്ചാരവും സംസ്കാരവും ബഹിരാകാശവും പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റലും സാമ്പത്തികവുമായ ഉൾപ്പെടുത്തലും പ്രതിരോധവും സമുദ്ര സുരക്ഷയും എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലെ അവസരങ്ങളെ ഉപയോഗപ്പെടുത്തും. ഇന്ത്യ-ഒമാൻ ബന്ധം സഹകരണപരവും ശോഭനവുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day 2024
News Summary - Kingdom on the Run; A strengthening relationship
Next Story