ഒമാനും ബ്രിട്ടനും തമ്മിലെ ചരിത്രത്താളുകൾ തൊട്ടറിഞ്ഞ് ചാൾസ് രാജാവും ഒമാൻ സുൽത്താനും
text_fieldsമസ്കത്ത്: ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ചാൾസ് മൂന്നാമൻ രാജാവിനും കാമില രാജ്ഞിക്കുമൊപ്പം വിൻഡ്‌സർ കൊട്ടാരത്തിലെ റോയൽ കളക്ഷൻ പ്രദർശനം സന്ദർശിച്ചു. ഒമാനും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല ചരിത്രബന്ധം പ്രതിഫലിപ്പിക്കുന്ന പുരാതന വസ്തുക്കളാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ വസ്തുക്കൾ സുൽത്താൻ ഹൈതം വീക്ഷിച്ചു. വിൻഡ്‌സർ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങുകൾക്ക് ശേഷമായിരുന്നു സന്ദർശനം. ചാൾസ് രാജാവ് സുൽത്താൻ ഹൈതമിനെ സ്വീകരിക്കുകയും തുടർന്ന് ഇരുവരും കൊട്ടാരത്തിലെ രാജഅലംകൃതമായ കുതിരവണ്ടിയിൽ സവാരി നടത്തുകയും ചെയ്തു. സൈനിക ഗാർഡ് ഓഫ് ഓണറും സുൽത്താൻ പരിശോധിച്ചു. ചാൾസ് രാജാവിന്റെ ക്ഷണപ്രകാരമാണ് സുൽത്താൻ ഹൈതം ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കാനുമാണ് സന്ദർശനം. പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുരാജ്യങ്ങളും ചർച്ച നടത്തും.

