ആദ്യ ക്രൂസ് കപ്പലിനെ സ്വാഗതം ചെയ്ത് ഖസബ്
text_fieldsഖസബ് തുറമുഖത്ത് കഴിഞ്ഞ ദിവസമെത്തിയ ആഡംബര കപ്പൽ
മസ്കത്ത്: ശീതകാല സീസണിലെ ആദ്യ ക്രൂസ് കപ്പലിനെ സ്വാഗതം ചെയ്ത് മുസന്ദം ഗവർണറേറ്റ്. ദുബൈയിൽനിന്ന് മസ്കത്തിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ ഖസബിൽ നങ്കൂരമിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 638 വിനോദസഞ്ചാരികളും 1,180 ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. മുസന്ദത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു സഞ്ചാരികൾക്കുള്ള സ്വാഗത പരിപാടി.
പരമ്പരാഗത പ്രകടനങ്ങളും പ്രാദേശിക കരകൗശലത്തൊഴിലാളികൾ, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾ, ചെറുകിട ബിസിനസുകൾ എന്നിവയെ ശ്രദ്ധയിൽപ്പെടുത്തുന്ന ഒരു പ്രദർശനവും ഒരുക്കിയിരുന്നു. ഖസബ് കോട്ട, പുരാവസ്തു ലാൻഡ്മാർക്കുകൾ, സമുദ്ര ദ്വീപുകളിലേക്കുള്ള പരമ്പരാഗത ബോട്ട് യാത്രകൾ എന്നിവയുൾപ്പെടെ മുസന്ദത്തിന്റെ ചരിത്രപരവും മനോഹരവുമായ ആകർഷണങ്ങൾ ഉയർത്തിക്കാട്ടുന്ന യാത്രയും സഞ്ചാരികൾ ആസ്വദിച്ചു.
മുസന്ദം വിന്റർ സീസണിലെ ക്രൂസ് കപ്പലുകളുടെ വരവ് വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുമെന്ന് മുസന്ദം പൈതൃക വിനോദസഞ്ചാര വകുപ്പിലെ അഹമ്മദ് ബിൻ മുഹമ്മദ് അൽ കംസാരി അഭിപ്രായപ്പെട്ടു.
വിനോദസഞ്ചാര നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ആഗോളതലത്തിൽ മുസന്ദമിന്റെ പ്രകൃതി സൗന്ദര്യവും ഒമാനി പൈതൃകവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2024-2025 സീസണിൽ 46 ക്രൂസ് കപ്പലുകൾ ഖസബ് തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ 52 ക്രൂസ് കപ്പലുകളിലടെ 76,156 വിനോദസഞ്ചാരികളെയാണ് സ്വാഗതം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

