ഖസബ് - ദിബ്ബ യാത്രാസമയം 55 മിനിറ്റായി കുറയും; മുസന്ദത്തിലെ റോഡ് പദ്ധതി അന്തിമഘട്ടത്തിൽ
text_fieldsഖസബ്: മുസന്ദം ഗവർണറേറ്റിലെ ദിബ്ബ, ലിമ, ഖസബ് എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തോടടുക്കുന്നു. റോഡ് പ്രവൃത്തിയുടെ 76 ശതമാനവും പൂർത്തിയായതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ പ്രൊജക്ട് ഡയറക്ടർ എൻജിനീയർ ഹംദാൻ ബിൻ ആമിർ അൽ ഇസായി വ്യക്തമാക്കി.
മുസന്ദം മേഖലയിലെ ഗതാഗത സൗകര്യങ്ങൾ പാടെ മാറ്റിയെഴുതാൻ പോന്നതാണ് 151 മില്യൺ ഒമാനി റിയാലിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ നിർണായക പദ്ധതി. റോഡ് യാഥാർഥ്യമാകുന്നതോടെ മേഖലയിലെ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുകയും യാത്രാസമയം ഗണ്യമായി കുറയുകയും ചെയ്യും.
ഇത് ഗവർണറേറ്റിലെ സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകൾക്ക് വലിയ രീതിയിൽ കരുത്താകുമെന്ന് പ്രതീക്ഷിക്കുന്നു. ആകെ 72 കിലോമീറ്റർ നീളമുള്ള റോഡ് പദ്ധതിയുടെ ഒന്നാം ഘട്ടം ഖസബ് മുതൽ ലിമ വരെയുള്ള 20 കിലോമീറ്ററാണ്. രണ്ടാം ഘട്ടത്തിൽ ലിമ പ്രദേശത്തിനുള്ളിലെ എട്ടു കിലോമീറ്ററും മൂന്നാം ഘട്ടത്തിൽ ലിമക്കും ദിബ്ബക്കും ഇടയിലുള്ള 44 കിലോമീറ്ററുമാണുള്ളത്. ലിമ- ദിബ്ബ റൂട്ടിലാണ് ഏറ്റവും നീളമേറിയ പാത നിർമിച്ചിട്ടുള്ളത്.
മുസന്ദം മേഖലയിലെ കാഠിന്യ മലനിരകളുടെ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്താണ് റോഡ് രൂപകൽപന ചെയ്തിരിക്കുന്നത്. മഴവെള്ള പാച്ചിലിൽ റോഡ് തകരാതിരിക്കാൻ 198 കോൺക്രീറ്റ് ഡ്രെയിനേജ് സംവിധാനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുദിശകളിലേക്കുമായി രണ്ട് വരികളുള്ള പാതയുടെ ഓരോ വരിക്കും 3.6 മീറ്റർ വീതിയുണ്ടാകും. കൂടാതെ 1.5 മീറ്റർ വീതിയുള്ള സൈഡ് ഷോൾഡറുകളും ഭാവിയിൽ ഗതാഗത ആവശ്യാനുസരണം റോഡ് വീതികൂട്ടാൻ സഹായിക്കുന്ന മൺതിട്ടകളും നിർമിച്ചിട്ടുണ്ട്. റോഡ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഖസബിനും ദിബ്ബക്കുമിടയിലുള്ള യാത്രാസമയം വെറും 55 മിനിറ്റായി ചുരുങ്ങും. ലിമക്കും ഖസബിനും ഇടയിലുള്ള യാത്രക്ക് 20 മിനിറ്റ് മാത്രം മതിയാകും. മുമ്പ് ഈ ദൂരം പിന്നിടാൻ ഏകദേശം രണ്ടര മണിക്കൂറോളം സമയമെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

