ഖരീഫ് യാത്ര; വേണം മികച്ച മുന്നൊരുക്കം
text_fieldsഖരീഫ് സമയത്തെ ദോഫാർ ഗവർണറേറ്റിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായെത്തുന്ന സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദോഫാർ ഗവർണറേറ്റ്. നിലവിൽ സലാലയടക്കമുള്ള നഗരപ്രദേശങ്ങളിൽ ചാറ്റൽ മഴ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗര പ്രദേശങ്ങളിലും നനുത്ത മഴയും കുളിരും അനുഭവപ്പെടാൻ തുടങ്ങും. ഇതോടെ പ്രകൃതിയുടെ അനുഗൃഹീത പ്രതിഭാസം നുകരാനായി സ്വദേശികളും വിദേശികളും ദോഫാറിലേക്ക് ഒഴുകും. ഖരീഫിന്റെ എല്ലാ സൗന്ദര്യവും ആസ്വദിക്കാനായി മികച്ച യാത്രാമുന്നൊരുക്കങ്ങൾ വേണ്ടതുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു
ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്രകളുടെ ആസൂത്രണത്തിലും സുരക്ഷ നിർദേശങ്ങൾക്ക് മുൻഗണനയുണ്ടായിരിക്കണം. യാത്രാവേളയിൽ വിശ്രമസ്ഥലങ്ങളും വാഹന സർവിസ് സ്റ്റേഷനുകളും മനസ്സിലാക്കിവെക്കുക. ക്ഷീണവും തളർച്ചയും ഉണ്ടെങ്കിൽ, സുരക്ഷാ നിയമങ്ങൾ പാലിച്ച് നീങ്ങാനും വിശ്രമിക്കാനും സമയം തെരഞ്ഞെടുക്കണം.
വിശ്രമകേന്ദ്രങ്ങളുടെയും ഇന്ധന സ്റ്റേഷനുകളുടെയും സ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് യാത്രയുടെ റൂട്ട് പഠിക്കണം. കൂടാതെ, എമർജൻസി നമ്പറുകളും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ സ്ഥാനങ്ങളും ദോഫാർ ഗവർണറേറ്റിലേക്കുള്ള വഴിയിൽ വ്യാപകമായ ആംബുലൻസ് പോയൻറുകളും അറിഞ്ഞിരിക്കണം.
ഖരീഫ് സീസണിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണം. നിയമപരമായ വേഗം മറികടക്കാൻ ശ്രമിക്കരുത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
യാത്രക്കിടെ, എൻജിൻ അമിതമായി ചൂടായാൽ വാഹനങ്ങൾ നിർത്തണം. കൂടാതെ ഇന്ധനം നിറക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുന്നതടക്കം സുരക്ഷാ നടപടികളും പാലിക്കുക. എല്ലാ യാത്രികരും സീറ്റ് ബെൽറ്റ് ധരിക്കുക. വാഹനത്തിനുള്ളിൽ അനുവദിച്ചിരിക്കുന്ന സുരക്ഷാ സീറ്റുകളിൽ വേണം കുട്ടികളെ ഇരുത്താൻ. പെട്ടെന്ന് കാലാവസ്ഥവ്യതിയാനമുണ്ടായാൽ, വാഹനത്തിന്റെ വേഗം കുറക്കാനും അമിത വേഗം ഒഴിവാക്കാനും ഓരോ റോഡിന്റെയും വേഗപരിധി പാലിക്കാനും ശ്രദ്ധിക്കുക.
വാഹനാപകടം ഉണ്ടായാൽ സുരക്ഷിതമായി വണ്ടി മാറ്റി ഇടണം. മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാഹനത്തിന്റെ ഇരട്ട ട്രാഫിക് ലൈറ്റുകൾ ഉപയോഗിക്കുക. സഹായത്തിനായി എമർജൻസി നമ്പറിൽ (9999) വിളിക്കുക. താമസ സ്ഥലത്ത് വാതകചോർച്ചയുണ്ടായാൽ വാതിലുകളും ജനലുകളും തുറക്കുക. തീപിടിത്തത്തിന് കാരണമാകുന്ന സാധനങ്ങളും ഉപയോഗിക്കാതിരിക്കുക. കുടുംബാംഗങ്ങളെ പുറത്തേക്ക് മാറ്റുക. സാധ്യമെങ്കിൽ ഗ്യാസ് സിലിണ്ടർ വാൽവ് അടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

