ഖരീഫ്; അൽ വുസ്ത-ദോഫാർ റോഡുകളിൽ സുരക്ഷ ശക്തം
text_fieldsസുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി അൽ വുസ്ത-ദോഫാർ റോഡിൽ വിന്യസിച്ച
മണ്ണുമാന്തിയടക്കമുള്ളവ
മസ്കത്ത്: ഖരീഫ് സീസണിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിന് അൽ വുസ്ത-ദോഫാർ റോഡുകളിൽ സുരക്ഷ ശക്തമാക്കി. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തെ പ്രതിനിധാനംചെയ്യുന്ന അൽ വുസ്ത ഗവർണറേറ്റിലെ റോഡ്സ് വകുപ്പാണ് നടപടികൾ ഊർജിതമാക്കിയത്. ജൂൺ ആദ്യം മുതൽ അറ്റകുറ്റപ്പണി കമ്പനികളുമായി സഹകരിച്ച് സമഗ്രമായ ഫീൽഡ് പ്ലാൻ നടപ്പാക്കാൻ തുടങ്ങിയിരുന്നെന്ന് അൽ വുസ്തയിലെ റോഡ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജിനീയർ ബഖിത് ബിൻ സലേം അൽ അവാദ് പറഞ്ഞു.
ഖരീഫ് സീസണിൽ പ്രതീക്ഷിക്കുന്ന ഗതാഗത വർധന കണക്കിലെടുത്ത് റോഡ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാന റോഡുകളിൽനിന്ന് പൊടിയും മണലും നീക്കാൻ 11 പ്രത്യേക യന്ത്രങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും പെട്ടെന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതികസംഘങ്ങളുടെയും അടിയന്തര ഉപകരണങ്ങളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് (265 കിലോമീറ്റർ), തീരദേശ റോഡ് (സിനാവ്-മാഹൗത്-അൽ ജാസിർ), അൽ അഷ്ഖറ-മഹൗത്-അൽ ജാസിർ റോഡ് എന്നിവയാണ് മുൻഗണന റൂട്ടുകളിൽ ഉൾപ്പെടുന്നത്. ഇവ മൊത്തം 431 കിലോമീറ്റർ വരും. കൂടാതെ, അൽ ജാസിറിലെ 310 മീറ്റർ സുക്ര ചുരത്തിൽ അറ്റകുറ്റപ്പണികളും പുനരധിവാസ പ്രവർത്തനങ്ങളും പൂർത്തിയായി. സീസണിനുമുമ്പ് ആവശ്യമായ എല്ലാ ഗതാഗതസുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മാഹൗത് വിലായത്തിലെ അൽ ജുബ-ഹാജ് റോഡ് 14.8 കിലോമീറ്റർ ദൈർഘ്യത്തിൽ നവീകരിച്ചു. റോഡിന്റെ ഷോൾഡർ വീതികൂട്ടുകയും തകർന്ന ഭാഗങ്ങൾ നന്നാക്കുകയും ചെയ്ത് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി.
ഗതാഗതസുരക്ഷ വർധിപ്പിക്കുന്നതില്‍ റോഡ് വകുപ്പ് തുടര്‍ച്ചയായി ശ്രദ്ധിക്കുന്നുണ്ടെന്നും ഗതാഗത ശൃംഖലക്ക് കേടുപാടുണ്ടാകാതെ സൂക്ഷിക്കാന്‍ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അല്‍ അവാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

