ഖരീഫ് സീസൺ ; മികച്ച മുന്നൊരുക്കങ്ങളുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മികച്ച മുന്നൊരുക്കങ്ങൾ നടത്തി റോയൽ ഒമാൻ പൊലീസ്. വിനോദസഞ്ചാരികൾക്ക് സേവനം ലഭ്യമാകുന്നതിന് പൊലീസ് വിഭാഗത്തിന്റെ സാന്നിധ്യം മുഴുവന്‍ സമയങ്ങളിലുമുണ്ടാകുമെന്ന് ദോഫാര്‍ പൊലീസ് അറിയിച്ചു. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത്.
സീസണെ വരവേൽക്കാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സജ്ജമാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വഴികളിലും മുഴുവന്‍ സമയവും ആര്.ഒ.പി സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തും. വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുക, ഫസ്റ്റ് എയ്ഡ് ബാഗ് കരുതുക, പ്രവര്‍ത്തിക്കുന്ന അഗ്നിശമന ഉപകരണം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സി.ഡി.എ.എ അഭ്യര്‍ഥിച്ചിട്ടുണ്ട്.

