ഒമാൻ ഖരീഫ് സീസണിൽ റെക്കോർഡ് മുന്നേറ്റം; സന്ദർശകരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു
text_fieldsമസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ ഖരീഫ് സീസൺ ആസ്വദിക്കാൻ ഈ വർഷം എത്തിയത് 11 ലക്ഷത്തിലധികം സഞ്ചാരികൾ. ജൂൺ 21 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 1,116,051 സന്ദർശകരാണ് ദോഫാറിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 8.6 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ ഇതേ കാലയളവിൽ 1,027,255 പേരായിരുന്നു എത്തിയിരുന്നത്. സന്ദർശകരിൽ ഭൂരിഭാഗവും ഒമാൻ സ്വദേശികളാണ്. മൊത്തം സഞ്ചാരികളുടെ 73.2 ശതമാനവും (816,719 പേർ) സ്വദേശികളായിരുന്നു.
ഇതുകൂടാതെ, മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്ന് 183,861 പേരും, മറ്റ് വിദേശരാജ്യങ്ങളിൽ നിന്നായി 115,471 സഞ്ചാരികളും ഇത്തവണ സലാലയും പരിസരപ്രദേശങ്ങളും സന്ദർശിക്കാൻ എത്തി. യാത്രാ മാർഗങ്ങൾ പരിശോധിച്ചാൽ റോഡ് മാർഗം എത്തിയവരാണ് കൂടുതൽ. ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 831,384 പേർ റോഡ് മാർഗവും, 284,667 പേർ വിമാനമാർഗ്ഗവും ദോഫാറിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോഡ് മാർഗം എത്തിയവരുടെ എണ്ണത്തിൽ 7.6 ശതമാനത്തിന്റെ വർധനവുണ്ടായി. ഖരീഫ് സീസണിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ആഗസ്റ്റ് മാസത്തിലാണ്. ആകെ സന്ദർശകരുടെ 57.7 ശതമാനവും (643,602 പേർ) ആഗസ്റ്റ് ഒന്നു മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ദോഫാറിലേക്ക് ഒഴുകിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

