ഖരീഫ്: സൗദി എയർലൈൻസിന്റെ ആദ്യ വിമാനം സലാലയിലെത്തി
text_fieldsസൗദി എയർലൈൻസിന്റെ ആദ്യ വിമാനം സലാലയിലെത്തിയപ്പോൾ
മസ്കത്ത്: ഖരീഫ് സീസണിനോടനുബന്ധിച്ച് സൗദി എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി. സീസണിൽ സലാലയേയും ജിദ്ദയേയും ബന്ധിപ്പിച്ച് സൗദി എയർലൈൻ ആഴ്ചയിൽ മൂന്ന് വിമാന സർവിസുകൾ നടത്തും. മാൻ പൈതൃക, ടൂറിസം മന്ത്രാലയം, ദോഫർ ഗവർണറേറ്റിലെ വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടന വിമാനത്തെ സ്വാഗതം ചെയ്തു. 12 പ്രാദേശിക, അന്തർദേശീയ ഓപറേറ്റിങ് ലൈനുകൾ വഴി ഖരീഫ് സീസണിൽ യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളം സജ്ജമാണെന്ന് ചടങ്ങിൽ സംസാരിച്ച സലാല വിമാനത്താവളത്തിന്റെ ഡെപ്യൂട്ടി സി.ഇ.ഒ എൻജിനീയർ സക്കറിയ ബിൻ യാക്കൂബ് അൽ ഹറാസി പറഞ്ഞു.
വിമാനത്താവളത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സേവനങ്ങളുടെയും യാത്രാ നടപടിക്രമങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി, കഴിഞ്ഞ വർഷത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിലും വിമാന ഗതാഗതത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഈ സീസണിൽ വിമാനമാർഗം മാത്രം ഒമ്പത് ലക്ഷം വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. മുൻ സീസണിൽ ഇത് 692,626 ആയിരുന്നു. 2025ലെ ദോഫാർ ഖരീഫ് സീസണിൽ സലാല വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവിസുകൾ നടത്തുന്ന എയർലൈനുകളുടെ പട്ടികയിൽ സൗദിയയും ചേരുന്നു. ഇത് ഒമാൻ സുൽത്താനേറ്റിനും സൗദി അറേബ്യക്കും ഇടയിലുള്ള വ്യോമ, ടൂറിസം ബന്ധം വർധിപ്പിക്കുമെന്നും യാത്രക്കാർക്ക് വിശാലമായ ഓപ്ഷനുകൾ നൽകുമെന്നുമാണ് അധികൃതർ കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

