ഖരീഫ്; കുവൈത്തിൽ കാമ്പയിനുമായി ഒമാൻ
text_fieldsകുവൈത്തിൽ ഖരീഫ് കാമ്പയിനുമായി ഒമാൻ അധികൃതർ
മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കുവൈത്തിൽ കാമ്പയിനുമായി ഒമാൻ. പൈതൃക, ടൂറിസം മന്ത്രാലയം, കുവൈത്തിലെ ഒമാൻ എംബസിയുമായും ദോഫാർ മുനിസിപ്പാലിറ്റിയുമായും സഹകരിച്ച് വാർത്ത സമ്മേളനം സംഘടിപ്പിച്ചു. ദോഫാർ ഖരീഫ് സീസണിലെ കാര്യങ്ങൾ ഉയർത്തിക്കാട്ടുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
നൂറിലധികം പ്രമുഖ മാധ്യമ വിദഗ്ധരും പ്രതിനിധികളും സോഷ്യൽ മീഡിയ ഇൻഫ്ലൂൻസർമാരും പ്രമുഖ കുവൈത്ത് ടൂറിസം കമ്പനികളും പങ്കെടുത്തു. ഒമാനി-കുവൈത്ത് ടൂറിസം മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ പരിപാടി സഹായകമാകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.
കുവൈത്ത് വിനോദസഞ്ചാരികൾക്ക് ഒരു സവിശേഷ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രമോഷനൽ പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു വാർത്താസമ്മേളനം.
അതേസമയം, കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ ദോഫാറിന്റെ പച്ചപ്പും സൗന്ദര്യവും നുകരാനെത്തിയത് 10,48,000 സന്ദർശകരായിരുന്നു. ജൂൺ 21മുതൽ സെപ്റ്റംബർ 21വരെയുള്ള കാലയളവിലാണ് ഇത്രയും സഞ്ചാരികളെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം 2023ലെ ഇതേ കാലയളവിൽ 9,62,000 സന്ദർകരായിരുന്നു ദോഫാറിൽ എത്തിയിരുന്നത്. 2023ൽ 6,76,009 ആയിരുന്ന ഒമാനി സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം 7,34,588 ആയി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 16.9 ശതമാനം വർധിച്ച് ആകെ 176,643പേരായി.
2023ൽ ഇത് ഇത് 161,472 ആയിരുന്നു. മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 3.6 ശതമാനം വർധിച്ച് 37,790 ആയി. മുൻ വർഷം ഇത് 35,095ആയിരുന്നു. സഞ്ചാരികളടെ വരവ് മുന്നിൽ കണ്ട് വിവിധ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ നടപ്പാക്കിയിരിക്കുന്നത്.
ദോഫാർ ഗവർണറേറ്റ് പൈതൃക ടൂറിസം മന്ത്രാലയം, ദോഫാർ മുനിസിപ്പാലിറ്റി, ഒമ്രാൻ ഗ്രൂപ് എന്നിവയുടെ സഹകരണത്തോടെ നിരവധി ടൂറിസം പദ്ധതികളുടെ വികസനം പൂർത്തിയാക്കിയത്.
ഈ വർഷത്തെ ദോഫാർ ഖരീഫ് സീസണലെ പ്രവർത്തനങ്ങളും പരിപാടികളും ജൂൺ 21ന് ആരംഭിച്ച് സെപ്റ്റംബർ 20 വരെ തുടരുക. സമഗ്രമായ ഷോപ്പിങ് ഏരിയ, ഓപ്പൺ എയർ തിയേറ്റർ, ആധുനിക ഗെയിമിങ് ഏരിയ, നവീകരിച്ച ലൈറ്റിങ്, ലേസർ ഷോ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആഗോള ഇവൻറ് ഹബ്ബായിരിക്കും ഇത്തീൻ സ്ക്വയർ ഖാൻ അൽ ഖലീലി (ഈജിപ്ത്), സൂഖ് അൽ ഹമീദിയ (സിറിയ), സൂഖ് വാഖിഫ് (ദോഹ) തുടങ്ങിയ മാതൃകകളിൽ ഹെറിറ്റേജ് വില്ലേജിനെ ആഗോള ഗ്രാമമാക്കി മാറ്റും.
കുടുംബ വിനോദ പ്രവർത്തനങ്ങൾക്കായിഔഖാദ് പാർക്ക് മാറ്റിവെക്കും.സലാല പബ്ലിക് പാർക്ക് ശരത്കാല സീസണിലുടനീളം വിവിധ കായിക പ്രവർത്തനങ്ങൾക്കായി നിയുക്തമാക്കുമെന്നും അൽ മറൂജ് തിയേറ്റർ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കായി സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

