ഖരീഫ്; സലാലയിലേക്ക് കൂടുതൽ സർവിസുകളുമായി ഒമാൻ എയർ
text_fieldsമസ്കത്ത്: വരാനിരിക്കുന്ന ഖരീഫ് സീസണിനോടനുബന്ധിച്ച് മസ്കത്തിനും സലാലക്കും ഇടയിൽ കൂടുതൽ സർവിസുകളുമായി ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. സീറ്റുകളുടെ എണ്ണത്തിലും വർധനയുണ്ട്. മസ്കത്തിനും സലാലക്കും ഇടയിൽ 12 പ്രതിദിന വിമാന സർവിസുകൾ നടത്താനാണ് ഒമാൻ എയർ ഒരുങ്ങുന്നത്. 70,000 സീറ്റുകൾ കൂടി ചേർത്തിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. ആഭ്യന്തര ടൂറിസം വർധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നീക്കം. ഈ കാലയളവിൽ എല്ലാ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും നിശ്ചിത ദേശീയ നിരക്കുകൾ നിലനിർത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഒമാനി പൗരന്മാർക്ക് ജൂലൈ ഒന്നുമുതൽ സെപ്റ്റംബർ അഞ്ചുവരെ 54 റിയാൽ നിരക്കിൽ റൗണ്ട്-ട്രിപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കഴിയും. അതേസമയം ഖരീഫ് സീസൺ ജൂൺ 21ന് ആരംഭിച്ച് സെപ്റ്റംബർ 20 വരെ തുടരുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. സമഗ്രമായ ഷോപ്പിങ് ഏരിയ, ഓപ്പൺ എയർ തിയേറ്റർ, ആധുനിക ഗെയിമിങ് ഏരിയ, നവീകരിച്ച ലൈറ്റിങ്, ലേസർ ഷോ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആഗോള ഇവന്റ് ഹബ്ബായിരിക്കും ഇത്തീൻ സ്ക്വയർ സൈറ്റെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ പറഞ്ഞു. ഹെറിറ്റേജ് വില്ലേജിനെ ആഗോള ഗ്രാമമാക്കി മാറ്റുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കുടുംബ വിനോദ പ്രവർത്തനങ്ങൾക്കായി ഔഖാദ് പാർക്ക് മാറ്റിവെക്കും.
സലാല പബ്ലിക് പാർക്ക് ശരത്കാല സീസണിലുടനീളം വിവിധ കായിക പ്രവർത്തനങ്ങൾക്കായിരിക്കും ഉപയോഗപ്പെടുത്തുക. അൽ മറൂജ് തിയേറ്ററിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ നടക്കും. സലാലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് നടക്കുന്ന സമയമാണ് ഖരീഫ് കാലം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിനുപേരാണ് ഖരീഫ് ആസ്വദിക്കാനായി ദോഫാറിലേക്ക് ഒഴുകുക. സ്വന്തം വാഹനങ്ങളിലും മറ്റുമായി റോഡ് മാർഗം പോകുന്നവരും നിരവധിയാണ്. എന്നാൽ സമയ ലാഭം കണക്കിലെടുത്ത് വിമാനം തെരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗവും. അവരെ മുന്നിൽകണ്ടാണ് ദേശീയ വിമാന കമ്പനി കൂടുതൽ സർവീസുകളും സീറ്റുകളുമായി സീസണിനെ വരവേൽക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

