ഖരീഫ്; പരിപാടികൾ നടത്താൻ ലൈസൻസ് നേടണം - ദോഫാർ മുനിസിപ്പാലിറ്റി
text_fieldsസലാല: ഖരീഫ് സീസണിൽ അനുമതിയില്ലാതെ പരിപാടികൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ദോഫാർ മുനിസിപ്പാലിറ്റി. വരാനിരിക്കുന്ന ഖരീഫ് സീസണിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന വാണിജ്യ പരിപാടികൾ, പ്രവർത്തനങ്ങൾ, വ്യാപാര മേളകൾ എന്നിവയുടെ പരസ്യങ്ങളോട് പ്രതികരിക്കുമ്പോൾ താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ചില വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും ഖരീഫ് സീസണിൽ പരിപാടികൾ, പ്രവർത്തനങ്ങൾ, വ്യാപാര മേളകൾ എന്നിവ നടത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യങ്ങൾ നൽകിവരുന്നുണ്ട്. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്നും ഇതിനായി ഫീസ് അടക്കണമെന്നും പറയുന്നുണ്ട്. ഈ സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന് ലൈസൻസ് നേടിയിട്ടുണ്ടെന്ന് പൊതുജനങ്ങൾ ഉറപ്പാക്കണം. സംശയാസ്പദമായതോ ലൈസൻസില്ലാത്തതോ ആയ പ്രവർത്തനങ്ങളും പരസ്യങ്ങളും റിപ്പോർട്ട് ചെയ്യണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഈ വർഷത്തെ ദോഫാർ ഖരീഫ് സീസണിലെ പ്രവർത്തനങ്ങളും പരിപാടികളും ജൂൺ 21ന് ആരംഭിച്ച് സെപ്റ്റംബർ 20 വരെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സമഗ്രമായ ഷോപ്പിങ് ഏരിയ, ഓപ്പൺ എയർ തിയറ്റർ, ആധുനിക ഗെയിമിങ് ഏരിയ, നവീകരിച്ച ലൈറ്റിങ്, ലേസർ ഷോ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആഗോള ഇവന്റ് ഹബ്ബായിരിക്കും ഇത്തീൻ സ്ക്വയർ. ഖാൻ അൽ ഖലീലി (ഈജിപ്ത്), സൂഖ് അൽ ഹമീദിയ (സിറിയ), സൂഖ് വാഖിഫ് (ദോഹ) തുടങ്ങിയ മാതൃകകളിൽ ഹെറിറ്റേജ് വില്ലേജിനെ ആഗോള ഗ്രാമമാക്കി മാറ്റും. കുടുംബ വിനോദ പ്രവർത്തനങ്ങൾക്കായി ഔഖാദ് പാർക്ക് മാറ്റിവെക്കും. സലാല പബ്ലിക് പാർക്ക് ശരത്കാല സീസണിലുടനീളം വിവിധ കായിക പ്രവർത്തനങ്ങൾക്കായി നിയുക്തമാക്കുമെന്നും അൽ മറൂജ് തിയറ്റർ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കായി സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഖരീഫ് സീസണിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

