ഖരീഫ്: 220 വിനോദസഞ്ചാരികളുമായി ആദ്യവിമാനം സലാലയിലെത്തി
text_fieldsസലാല എയർപോർട്ടിലെത്തിയ യാത്രക്കാർക്ക് നൽകിയ സ്വീകരണം
മസ്കത്ത്: ഖരീഫ് സീസണിനു മുന്നോടിയായി ആദ്യ നേരിട്ടുള്ള വിമാനം സലാല എയർപോർട്ടിൽ കഴിഞ്ഞദിവസമെത്തി. 220 വിനോദസഞ്ചാരികളുമായി കുവൈത്ത് എയർവേസാണ് സലാലയിൽ ലാൻഡ് ചെയ്തത്. യാത്രക്കാർക്ക് ഊഷ്മള വരവേൽപാണ് അധികൃതർ നൽകിയത്.
ഖരീഫ് സീസണിൽ കുവൈത്ത് എയർവേയ്സ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും സലാല എയർപോർട്ടിനുമിടയിൽ ആഴ്ചയിൽ നാല് ഫ്ലൈറ്റുകൾ സർവിസ് നടത്തും.
ഒക്ടോബർ അവസാനംവരെ ഇതു തുടരും. ഖരീഫ് ദോഫാർ സീസണിന്റെ തുടക്കത്തോടെ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള മറ്റുനിരവധി വിമാനക്കമ്പനികളുടെ സർവിസുകൾ ആരംഭിക്കുന്നതിന്റെ സൂചനയാണ് ഈ വിമാനം നൽകുന്നതെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സക്കറിയ ബിൻ യാക്കൂബ് അൽ ഹറാസി പറഞ്ഞു. വിവിധ ഷെഡ്യൂളുകളനുസരിച്ച് ഈ സീസണിനെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ഒമാൻ എയർപോർട്ട്സ് അധികൃതർ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് അൽ ഹറാസി കൂട്ടിച്ചേർത്തു.
റിയാദിൽനിന്ന് നാല്, ദമ്മാമിൽനിന്ന് മൂന്ന്, ജിദ്ദയിൽനിന്ന് മൂന്ന് വിമാനങ്ങളെന്നിങ്ങനെ സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിൽനിന്ന് ആഴ്ചയിൽ പത്ത് ഫ്ലൈറ്റുകളാണ് ഫ്ലൈനാസ് സലാലയിലേക്കു നടത്തുക. ജസീറ എയർവേസ് കുവൈത്തിൽനിന്ന് സലാലയിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങളെന്നതോതിൽ നേരിട്ടു സർവിസ് നടത്തും.
ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ ബഗ്ദാദ്, ബഹ്റൈൻ, യുനൈറ്റഡ് അറബ് എമിറേറ്റിലെ ഫുജൈറ എന്നിവിടങ്ങളിൽനിന്ന് ആഴ്ചതോറും സലാല എയർപോർട്ടിലേക്ക് സർവിസ് നടത്തും.
യാത്രക്കാർ എത്തുമ്പോഴും പുറപ്പെടുമ്പോഴും യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാമാർഗങ്ങളും നൽകാൻ ഒമാൻ എയർപോർട്ട് ശ്രമിക്കുന്നുണ്ടെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

