ഖരീഫ്: വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കാനുള്ള ശ്രമം ഊർജിതം
text_fieldsഖരീഫ് സീസണിലെ ദോഫാറിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഖരീഫ് സീസണിൽ പ്രകൃതിയെ സംരക്ഷിക്കാനുള്ള കാമ്പയിനുമായി പരിസ്ഥിതി അതോറിറ്റി. ‘പരിസ്ഥിതി സംരക്ഷകർ’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ. തിരക്കേറിയ ടൂറിസം കാലയളവിൽ ഗവർണറേറ്റിന്റെ സമ്പന്നമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്ത ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
ദോഫാറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയൺമെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭം ടൂറിസം വളർച്ചയും പരിസ്ഥിതിസംരക്ഷണവും സന്തുലിതമാക്കേണ്ടതിന്റെ വർധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ പരിസ്ഥിതി ബഹുമാനത്തിന്റെ സംസ്കാരം വളർത്തലാണ് ഉദ്ദേശിക്കുന്നതെന്ന് ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ സഹ്റാൻ അൽ അബ്ദുൽസലാം പറഞ്ഞു.
ദോഫാറിന്റെ സമ്പദ്വ്യവസ്ഥക്കും സ്വത്വത്തിനും ഖരീഫ് ഒരു സുപ്രധാന സീസണാണ്. എന്നാൽ ഇത് പരിസ്ഥിതിക്ക് വെല്ലുവിളികളും ഉയർത്തുന്നു. ദോഫാറിന്റെ പാരിസ്ഥിതിക സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യാതെ സന്ദർശകർക്ക് അതിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് പരിസ്ഥിതി സംരക്ഷകരുടെ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി സലാല, താഖ, മിർബാത്ത് എന്നിവിടങ്ങളിലെ നിലവിലുള്ള പരിസ്ഥിതി യൂനിറ്റുകളെയും മറ്റ് പ്രധാന മേഖലകളെയും സഹായിക്കുന്നതിന് നാല് പ്രത്യേക മേൽനോട്ട സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ ടീമുകൾ പ്രധാന വിനോദസഞ്ചാര, പ്രകൃതിദത്ത സ്ഥലങ്ങളിൽ പട്രോളിങ് നടത്തുകയും പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുകയും പൊതുജനങ്ങളിൽ അവബോധം വളർത്തുകയും ചെയ്യും.
ദോഫാറിന്റെ പരിസ്ഥിതി സംരക്ഷിക്കുക എന്നത് സർക്കാർ സ്ഥാപനങ്ങളുടെ മാത്രം കടമയല്ല. സന്ദർശകർ, താമസക്കാർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ തുടങ്ങിയവരും പങ്കാളികളായാലേ കാമ്പയിൻ വിജയത്തിലെത്തൂവെന്ന് അബ്ദുൽ സലാം പറഞ്ഞു. വിഷൻ 2040ൽ വിവരിച്ചപോലെ സുസ്ഥിരവികസനത്തിനായുള്ള ഒമാന്റെ വിശാലമായ പ്രതിബദ്ധതയെ ഈ സംരംഭം പിന്തുണക്കുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

