ഖരീഫ്: ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി
text_fieldsദോഫാർ മുനിസിപ്പാലിറ്റി അധികൃതർ കടളിൽ പരിശോധന നടത്തുന്നു
മസ്കത്ത്: ഖരീഫ് സീസണിന് മുന്നോടിയായി ഭക്ഷ്യസുരക്ഷ പരിശോധനകൾ ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി. നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശോധന കാമ്പയിനുകൾ. ഭക്ഷണം പാകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും മോശം ശുചിത്വവുമായി ബന്ധപ്പെട്ട് 18 നിയമലംഘനം കണ്ടെത്തി. വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ രാവിലെയും വൈകുന്നേരവും നടത്തിയ പതിവ് പരിശോധനകളിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്.
നിയമലംഘനം കണ്ടെത്തിയ കട അടച്ചു പൂട്ടുന്നു
ലഭിക്കുന്ന എല്ലാ റിപ്പോർട്ടുകളും സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമം പാലിക്കാത്ത ബിസിനസുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
ഖരീഫ് സീസണിന്റെ തയാറെടുപ്പുകളുടെ ഭാഗമായി സന്ദർശകരെ ഏറെ ആകർഷിക്കുന്ന തേങ്ങാ കിയോസ്കുകളുടെ പുനരുദ്ധാരണ, പരിപാലന പ്രവർത്തനങ്ങൾ ആരോഗ്യ നിയന്ത്രണ വകുപ്പ് ആരംഭിച്ചു. പൊതുജന സുരക്ഷ ആവശ്യകതകൾ പാലിക്കുന്നതിനായി കിയോസ്ക്കുകളുടെ ഘടനാപരമായ പരിഷ്കാരങ്ങൾ, സീസണിന്റെ സൗന്ദര്യാത്മക സ്വത്വത്തിന് അനുസൃതമായി ബൂത്തുകളുടെ രൂപം മെച്ചപ്പെടുത്തൽ, പഴകിയ കട്ടിങ് ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കൽ, തേങ്ങാവെള്ളം കുപ്പിയിലാക്കുന്നതിന് പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നത് നിരോധിക്കൽ, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ മാത്രം വിൽക്കുന്നതിനുള്ള കർശനമായ നിർദേശം എന്നിവ നവീകരണങ്ങളിൽ ഉൾപ്പെടുന്നു.
ഖരീഫ് ടൂറിസം സീസണിലുടനീളം താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പരിശോധനകൾ നടപ്പിലാക്കുന്നത്. ഇത് വരും ദിവസങ്ങളിലും തുടരുന്നതാണ് ദോഫാർ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

