ഖരീഫ്; മസ്കത്ത്-സലാല റൂട്ടിൽ വിമാന സർവിസുകൾക്ക് ആവശ്യക്കാരേറി
text_fieldsമസ്കത്ത്: ഈ വാരത്തെ ഖരീഫ് സീസണിൽ മസ്കത്തിനും സലാലക്കും ഇടയിലുള്ള വിമാന സർവിസുകൾക്ക് അസാധാരണമായ ആവശ്യക്കാരുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.സീറ്റുകൾ പൂർണമായും ബുക്ക് ചെയ്യപ്പെട്ടു. ദോഫാർ ഗവർണറേറ്റിലേക്കുള്ള വർധിച്ചുവരുന്ന ടൂറിസം സാധ്യതകളെ പ്രതിഫലിപ്പിക്കുന്നതാണിത്. ദേശീയ സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നതും ടൂറിസത്തെയും അനുബന്ധ മേഖലകളെയും പിന്തുണക്കുന്നതുമായ വ്യോമയാന മേഖലയുടെ പങ്കിനെയാണ് ഈ കുതിച്ചുചാട്ടം എടുത്തുകാണിക്കുന്നത്.
മസ്കത്ത്-സലാല റൂട്ടിലെ നിലവിലെ വിമാനക്കമ്പനികളായ ഒമാൻ എയറും സലാം എയറും ഖരീഫ് ദോഫാറിൽ ഉടനീളം പൂർണ്ണ ശേഷിയിൽ വിമാന സർവിസുകൾ നടത്തുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) ഔദ്യോഗിക വക്താവ് ഹമീദ് ബിൻ അഹമ്മദ് അൽ ബറാഷ്ദി പറഞ്ഞു.സീറ്റുകളുടെ ആവശ്യം സ്ഥിരമായ വിതരണത്തേക്കാൾ കൂടുതലായിരുന്നു. മിക്ക ദിവസങ്ങളിലും ഒമാൻ എയർ 90 ശതമാനത്തിൽ കൂടുതൽ ലോഡുമായാണ് പറന്നത്. ഇത് ഒമാന്റെ വ്യോമയാന മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുള്ള ശക്തമായ സാധ്യതകളെ എടുത്തുകാണിക്കുന്നെന്നും അദേഹം പറഞ്ഞു.
മസ്കത്തിനും സലാലക്കും ഇടയിലുള്ള പ്രതിദിന വിമാന സർവിസുകളുടെ എണ്ണം 12ൽ നിന്ന് 14 ആയി ഉയർന്നു. സീറ്റ് ഒക്യുപെൻസി 98 ശതമാനത്തിനടുത്തെത്തി. സീസണിന്റെ ഏറ്റവും ഉയർന്ന സമയത്ത് എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളിലെ ആകെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 5,500 കവിഞ്ഞു.കൂടാതെ, സീസണിൽ പ്രവർത്തന ശേഷിയിൽ സലാം എയറും ഗണ്യമായ വളർച്ച കൈവരിച്ചു. ഏറ്റവും തിരക്കുള്ള സമയത്ത് ദൈനംദിന വിമാന സർവീസുകൾ നാലിൽ നിന്ന് എട്ടായി വർധിപ്പിച്ചു.
ചില ദിവസങ്ങളിൽ ലോഡുകൾ100 ശതമാനത്തിലെത്തി. തിരക്കേറിയ സമയങ്ങളിൽ റൗണ്ട് ട്രിപ്പുകളിലെ മൊത്തം ദൈനംദിന യാത്രക്കാരുടെ എണ്ണം 4,000 ആയി. ഈ വർഷത്തെ ഖരീഫ് സീസണിൽ രേഖപ്പെടുത്തിയ ഫലങ്ങൾ മസ്കത്തിനും സലാലക്കും ഇടയിലുള്ള വർധിച്ചുവരുന്ന വ്യോമഗതാഗത ആവശ്യം നിറവേറ്റാനുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് സി.എ.എ വക്താവ് പറഞ്ഞു.ദോഫാറിലേക്കുള്ള വിനോദസഞ്ചാരം വർധിപ്പിക്കുന്നതിൽ സിവിൽ ഏവിയേഷൻ മേഖലയുടെ നിർണായക പങ്ക് ഈ കണക്കുകൾ അടിവരയിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ജൂൺ 21 മുതൽ ജൂലൈ 31വരെ ഏകദേശം 4,42,100 ആളുകളാണ് എത്തിയത്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. അന്ന് 4,13,122 ആയിരുന്നു സന്ദർശകർ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.സന്ദർശകരിൽ 75.6 ശതമാനവും ഒമാനികളാണ്. പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 3,34,399 സ്വദേശി പൗരന്മാരാണ് ഇക്കാലയളവിൽ എത്തിയത്. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 69,801ഉം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 37,900ഉം ആയിരുന്നു.ജൂലൈ അവസാനത്തോടെ ദോഫാർ ഗവർണറേറ്റിൽ കരമാർഗ്ഗം ആകെ 334,846 സന്ദർശകർ എത്തി. അതേസമയം വിമാനമാർഗ്ഗം 107,254 സന്ദർശകരും വന്നു. 2024 ജൂലൈ അവസാനം വിമാനമാർഗ്ഗം എത്തിയവരെ അപേക്ഷിച്ച് 10.9 ശതമാനത്തന്റെ വർധനവാണുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

