ഖരീഫ്; ആഘോപൊലിമയിൽ ഇത്തീൻ സ്ക്വയർ
text_fieldsഇത്തീൻ സ്ക്വയറിൽ നടക്കുന്ന ആഘോഷപരിപാടികൾ കാണാനെത്തിയവർ
സലാല: ചാറ്റൽ മഴയും പച്ചപുതക്കുന്ന പ്രകൃതിയും കൺകുളിർക്കെ ആസ്വാദിക്കാനെത്തുന്നവർക്ക് മുന്നിൽ കലാപ്രകടനങ്ങളുടെ സർഗവേദിയാവുകയാണ് ഇത്തീൻ സ്ക്വയർ. പ്രകൃതി കനിഞ്ഞതോടെ ഖരീഫ് ആഘോഷങ്ങളുടെ നിറവിലാണ് ദോഫാറിന്റെ ഹൃദയഭൂമി. താളമേളങ്ങളുടെ അകമ്പടിയിൽ ചടുലതയാർന്ന നൃത്തവും ഖരീഫ് ആഘോഷങ്ങൾക്ക് വർണപ്പൊലിമ ചാർത്തുന്നുണ്ട്.
ഇത്തീൻ സ്ക്വയറിലെ വിനോദ പരിപാടികളേറെയും കുട്ടികളെ കേന്ദ്രീകരിച്ചുള്ളതും അവരെ ആകർഷിക്കാനുള്ളതുമാണ്. ഘടാഘടിയൻ കരടിയും പലജാതി ഭീമന്മാരും അഭ്യാസികളും കൗതുകമായി മാറുമ്പോൾ സലാലയുടെ തനത് കാഴ്ച്കൾക്കപ്പുറത്തേക്ക് ദോഫാർ ആസ്വാദനത്തിന്റെ മറ്റൊരു ലോകം സഞ്ചാരികൾക്കായി തുറക്കുന്നു.
മുതിർന്നവരെയടക്കം ആകർഷിക്കുന്ന തരത്തിലാണ് ഇത്തീൻ സ്ക്വയറിലെ അകക്കാഴ്ച്കൾ സജ്ജീകരിച്ചിട്ടുള്ളത്. വസ്ത്ര വ്യാപാര ശാലകളുൾപ്പെടെയുളള കച്ചവട കേന്ദ്രങ്ങളും ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നുണ്ട്. വാരാന്ത്യ ദിനങ്ങളിലാണ് ഇത്തീൻ സ്ക്വയർ തിങ്ങിനിറയുക.
ഖരീഫിനോടനുബന്ധിച്ച് തുറന്നുപ്രവർത്തിക്കുന്ന സമീപത്തുള്ള തെരുവ് ഭക്ഷണശാലകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഖരീഫ് സീസൺ അതിന്റെ പാരമ്യതയിലെത്തിയതോടെയാണ് തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. സർഗാത്മകതയുടെയും കലാപ്രകടനങ്ങളുടെയും വേദിയായി ദോഫാർ മാറുമ്പോൾ ഖരീഫ് കാലം ആസ്വദിക്കാനെത്തുന്നവരുടെ മുൻനിരയിൽ ജി.സി.സി പൗരന്മാരും മലയാളികളുൾപ്പെടെയുള്ള പ്രവാസികളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

