ഖരീഫ്: സി.ഡി.എ.എ സുസജ്ജം
text_fieldsഖരീഫിന് തയാറായി നിൽക്കുന്ന സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ
മസ്കത്ത്: ഖരീഫ് സീസണിനെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകും. നിലവിലുള്ള സിവിൽ ഡിഫൻസ്, ആംബുലൻസ് സെന്ററുകൾ ശക്തിപ്പെടുത്തൽ, ദോഫാർ ഗവർണറേറ്റിലേക്കുള്ള പ്രധാന റോഡുകളിൽ, പ്രത്യേകിച്ച് ദാഖിലിയ, ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിൽ അധിക അടിയന്തര പ്രതികരണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തന പദ്ധതികൾക്ക് അതോറിറ്റി അംഗീകാരം നൽകി. ഓപറേഷൻസ് സെന്റർ വഴി റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാൻ ഈ പോയന്റുകൾ സഹായകമാകും. സുരക്ഷയും സിവിൽ പ്രൊട്ടക്ഷൻ ആവശ്യകതകളും പാലിച്ച, സൗകര്യങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും അപകടങ്ങൾ കുറക്കാൻ സഹായിക്കുന്ന പ്രതിരോധ നടപടികൾ പാലിക്കാനും അതോറിറ്റി സ്ഥാപനങ്ങളോടും കമ്പനികളോടും സ്വത്ത് ഉടമകളോടും ആവശ്യപ്പെട്ടു. ഇവ പാലിക്കാതിരുന്നാൽ നിയമനടപടി സ്വീകരിക്കും.
ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അവബോധം വളർത്താൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് സി.ഡി.എ.എ സ്ഥിരീകരിച്ചു. ബോധവത്കരണ ബ്രോഷറുകൾ വിതരണം ചെയ്യുക, പരിപാടികൾ സംഘടിപ്പിക്കുക, വിവിധ സ്ഥലങ്ങളിൽ അവബോധവും മാർഗനിർദേശവും നൽകുന്നതിന് ഫീൽഡ് ടീമുകളെ വിന്യസിക്കുക എന്നിവയാണ് ചെയ്തുവരുന്നത്. പ്രതിരോധ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെ അതോറിറ്റി പ്രശംസിച്ചു.
സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണം
ദോഫാർ ഗവർണറേറ്റിൽ ഖരീഫ് സീസണിൽ എത്തുന്നവർ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു. സുരക്ഷയുമായി ബന്ധപ്പെട്ട് സി.ഡി.എ.എ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ താഴെ
- യാത്രക്ക് നന്നായി തയാറെടുക്കുക
- വാഹനം പരിപാലിക്കുക
- ഫസ്റ്റ് എയ്ഡ് കിറ്റ് തയാറാക്കുക
- അഗ്നിശമന ഉപകരണം നല്ല നിലയിലാണെന്ന് ഉറപ്പാക്കുക
- യാത്ര പോകുന്ന വഴിയിലെ വിശ്രമകേന്ദ്രങ്ങളുടെയും ഇന്ധന സ്റ്റേഷനുകളുടെയും സ്ഥലങ്ങൾ തിരിച്ചറിയുക
- യാത്രവേളയിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിശ്രമിക്കുന്നതിന് അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക സുരക്ഷ നിയമങ്ങൾ പാലിക്കുക
- ദോഫാറിൽ നീന്താൻ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ (ഉറവകൾ, കുളങ്ങൾ, ബീച്ചുകൾ, കടൽത്തീരങ്ങൾ) ഇറങ്ങരുത്
- അപകടകരമായ സ്ഥലങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഉയരം കൂടിയ സ്ഥലങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കുക
- കുട്ടികളെ നിരീക്ഷിക്കുക
- വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകാതിരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

