ഖരീഫ്: ഹോട്ടലുകളുടെ മുന്നൊരുക്കം വിലയിരുത്തി
text_fieldsസലാലയിലെ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിൽ നടന്ന ശിൽപശാല
മസ്കത്ത്: ഖരീഫ് സീസണിന് മുന്നോടിയായി ദോഫാറിലെ ഹോട്ടലുകളുടെയും ടൂറിസം സ്ഥാപനങ്ങളുടെയും തയാറെടുപ്പ് അവലോകനം ചെയ്ത് പൈതൃക, ടൂറിസം മന്ത്രാലയം. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതുക്കിയ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ഗവർണറേറ്റിലുടനീളമുള്ള ലൈസൻസുള്ള സ്ഥാപനങ്ങളുമായുള്ള പരിശോധനകളും കൂടിയാലോചനകളും ഇതിൽ ഉൾപ്പെടുന്നു. സലാലയിലെ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിൽ ശിൽപശാല നടന്നു. വരാനിരിക്കുന്ന സീസണിലേക്കുള്ള മന്ത്രാലയത്തിന്റെ പ്രതീക്ഷകളെയും മറ്റും കുറിച്ച് ടൂറിസം ഓപ്പറേറ്റർമാരെ വിശദീകരിച്ചു.
ഹോട്ടൽ സേവന മാനദണ്ഡങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ, മഴക്കാലത്തിനനുസരിച്ച് രൂപകൽപ്പന ചെയ്ത പ്രമോഷന തന്ത്രങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ച. സന്ദർശക പരാതികൾ കൈകാര്യം ചെയ്യുന്നതിനും ടൂറിസവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി രൂപകൽപന ചെയ്തിട്ടുള്ള ഡിജിറ്റൽ സംവിധാനമായ ’തജാവുബ്’ പ്ലാറ്റ്ഫോമിനെക്കുറിച്ചും പരിചയപ്പെടുത്തി. സേവന നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ശില്പശാലയെന്ന് ദോഫാറിലെ പൈതൃക-ടൂറിസം ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ അബ്രി പറഞ്ഞു. നിലവില്‍ ഗവര്‍ണറേറ്റില്‍ 80 ലൈസന്‍സുള്ള ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ഈ വർഷം അവസാനത്തോടെ ഈ സംഖ്യ 120ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം ഓഫിസുകൾ, എയർലൈനുകൾ, കാർ വാടക കമ്പനികൾ എന്നിവയുമായി ഏകോപിപ്പിച്ച് വികസിപ്പിച്ചെടുത്ത സീസണിലെ പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രമോഷനൽ തന്ത്രത്തെക്കുറിച്ചും അബ്രി വിശദീകരിച്ചു. ദോഫാറിലേക്ക് വിവിധ സന്ദർശകരെ ആകർഷിക്കുന്നതിനായി രൂപകൽപന ചെയ്ത പാക്കജുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.
ജൂൺ 21 മുതൽ സെപ്റ്റംബർ 21വരെ നീണ്ടുനിൽക്കുന്ന കാലയളവിലാണ് ദോഫാറിലെ ഖരീഫ് സീസൺ. കഴിഞ്ഞ സീസണിൽ പത്തു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഖരീഫ് ആസ്വദിക്കാനായി ഇവിടെ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

