മസ്കത്ത്: സുരക്ഷിതമായ ഖരീഫ് സീസൺ മുൻനിർത്തി ദോഫാർ ഗവർണറേറ്റിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചതായി റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. പൊലീസ് ആൻഡ് കസ്റ്റംസ് അസി.ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ ഹമദ് അൽ ഹത്താമിയുടെ നേതൃത്വത്തിലാകും സപ്പോട്ട് ഫോഴ്സ് അംഗങ്ങൾ പ്രവർത്തിക്കുക. കുതിരപ്പടയാളികൾ അടക്കമുള്ളവരെയാണ് വിന്യസിച്ചിരിക്കുന്നത്.
ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷക്ക് ഒപ്പം സലാല ടൂറിസം ഫെസ്റ്റിവൽ വേദിയിലെ സുരക്ഷയും ഇവരുടെ ചുമതലയിലാകും. എല്ലാ ഖരീഫ് സീസണിലും നിരവധി അപകടങ്ങൾ നടക്കുന്ന ഹൈമ-തുംറൈത്ത് റോഡും പൊലീസിെൻറ കർശന നിരീക്ഷണത്തിലായിരിക്കും. പൊലീസ് ചെക്ക്പോയൻറുകൾ അടക്കം മുൻവർഷങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ഇക്കുറിയും ഇൗ റോഡുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികൾ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.