ഖരീഫ്: മുവാസലാത്ത് സലാല സർവിസുകൾ വർധിപ്പിക്കും
text_fieldsമസ്കത്ത്: ഖരീഫ് സീസൺ മുൻനിർത്തി ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ് കത്തിൽനിന്ന് സലാലയിലേക്കുള്ള സർവിസുകൾ വർധിപ്പിക്കും. സീസണിൽ സലാല നഗരത്തിൽ പുതിയ സർവിസുകൾ ആരംഭിക്കുന്നതടക്കം പദ്ധതികളും മുവാസലാത്ത് പ്രഖ്യാപിച്ചു. സലാല വിമാനത്താവളത്തിൽ നിന്ന് തുടങ്ങി സഹൽ ഇത്തീൻ വഴി സിറ്റി സെൻററിലേക്കാണ് സലാല നഗരത്തിൽ പുതിയ സർവിസ് നടത്തുക. ഇതോടൊപ്പം സലാല വിമാനത്താവളം-സിറ്റി സെൻറർ-സലാല തുറമുഖം റൂട്ടിലും പുതിയ സർവിസ് ആരംഭിക്കും.
മസ്കത്തിൽനിന്ന് സലാലയിലേക്കുള്ള സർവിസുകൾ മൂന്നിൽനിന്ന് ഏഴായി വർധിപ്പിക്കും. രണ്ട് റൂട്ടുകളിലുമായി മൊത്തം 700 സീറ്റുകൾ ഉണ്ടാകും. കുടുംബങ്ങൾക്കും ഗ്രൂപ് ബുക്കിങ്ങുകൾക്കും പ്രത്യേക ആനുകൂല്യമുണ്ടാകും. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് സൗജന്യമായിരിക്കുകയും ചെയ്യും. ഖരീഫ് സീസൺ ആരംഭിക്കുന്ന ജൂൺ 21 മുതൽ ആഗസ്റ്റ് 22 വരെയായിരിക്കും പ്രത്യേക ആനുകൂല്യം ലഭ്യമാവുക. പൊതുഗതാഗത സൗകര്യം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന് ഒപ്പം രാജ്യത്തിെൻറ ടൂറിസം സാമ്പത്തിക വളർച്ചകൂടി മുൻനിർത്തിയാണ് സർവിസ് വർധിപ്പിക്കാനുള്ള തീരുമാനമെന്ന് മുവാസലാത്ത് വാർതത്തക്കുറിപ്പിൽ അറിയിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളോടെയുള്ള ബസുകളാണ് മുവാസലാത്ത് ഇൻറർസിറ്റി സർവിസിന് ഉപയോഗിക്കുന്നത്. സൗജന്യ വൈഫൈ സേവനമുള്ള ബസുകളിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഇരിക്കാൻ പ്രത്യേക സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
