ഖാലിദ് അല്‍ മഅ്വലി വീണ്ടും മജ്ലിസ് ശൂറ ചെയര്മാൻ
text_fieldsഖാലിദ് അല്‍ മഅ്വലി
മസ്കത്ത്: പത്താം മജ്ലിസ് ശൂറ ചെയര്‍മാനായി ഖാലിദ് അല്‍ മഅ്വലിയെയും ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനായി ദുകമില്നിന്നുള്ള താഹിര്‍ അല്‍ ജുനൈബിയെയും സെക്കന്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനായി സഈദ് ബിന്‍ ഹമദ് അല്‍ സഅദിയെയും തെരഞ്ഞെടുത്തു.
തുടര്‍ച്ചയായ നാലാം തവണയാണ് ശൂറ കൗണ്‍സിലിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ഖാലിദ് അല്‍ മഅ്വലി തെരഞ്ഞെടുക്കുന്നത്. ഇലക്ട്രോണിക് വേട്ടെടുപ്പില്‍ 89 പേര് വോട്ടവകാശം വിനിയോഗിച്ചപ്പോള്‍ 58 വോട്ടുകള്‍ നേടിയാണ് അദ്ദേഹം സഭയുടെ നായകത്വത്തിലേക്ക് എത്തുന്നത്. ആമിറാത്തില്‍ നിന്നുള്ള അംഗം ഇബ്രാഹിം ബിന്‍ ഖല്ഫാന് അല്‍ ഹാദി, സീബില്നിന്നുള്ള അഹമദ് അല്‍ ബലൂശി, ജബല്‍ അഖ്ദറില്നിന്നുള്ള അംഗം ഹസ്സന് അല്‍ നബ്ഹാനി എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമ്മേളനം ചേർന്നത്. ശൂറ കൗൺസിൽ അംഗങ്ങളുടെ സത്യ പ്രതിജ്ഞയും നടന്നു. ഈ ടേമിലെ 63 ശതമാനവും പുതിയ അംഗങ്ങളാണ്.
താഹിര്‍ അല്‍ ജുനൈബി, സഈദ് ബിന്‍ ഹമദ് അല്‍ സഅദി
കൗൺസിൽ സെക്രട്ടറി ജനറലും മജ്ലിസ് ശൂറ സെക്രട്ടറി ജനറലുമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ നദാബിയുടെ പ്രസംഗത്തോടെയാണ് സിറ്റിങ്ങിന്റെ നടപടികൾ ആരംഭിച്ചത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉദാരമായ പിന്തുണയോടും ശ്രദ്ധയോടും കൂടി മജ്ലിസ് ശൂറ പത്താം തവണയും ദേശീയ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്ന് മജ്ലിസ് ശൂറയുടെ സെക്രട്ടറി ജനറൽ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ നദാബി പറഞ്ഞു. ശൂറ കൗൺസിലിന്റെ പത്താം ടേം തെരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. അന്നുതന്നെയായിരുന്നു വോട്ടെടുപ്പ്. രാജ്യത്തിന് പുറത്തുള്ളവർ ഒക്ടോബർ 22ന് ആയിരുന്നു വോട്ടുചെയ്തത്.
ഇൻതിഖാബ് ആപ്ലിക്കേഷനിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ 65.88 ശതമാനമായിരുന്നു പോളിങ്. 2019ലെ തെരഞ്ഞെടുപ്പുമായി (49 ശതമാനം പോളിങ്) താരതമ്യം ചെയ്യുമ്പോൾ വൻ കുതിച്ചുചാട്ടമാണ് ഇത്തവണ വോട്ടിങ്ങിലുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

