പ്രവാസലോകത്തെ വായന; പാനൽ ചർച്ചയുമായി കേരള വിങ്
text_fieldsപ്രവാസലോകത്തെ വായന എന്ന വിഷയത്തിൽ കേരള വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച
മസ്കത്ത്: പ്രവാസ ലോകത്തെ വായന എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ഭാഷ വിഭാഗമായ കേരള വിങ്ങിന്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, അൽ ബാജ് ബുക്ക്സ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ബുക്ക് ഫെസ്റ്റ് 2025ന്റെ ഭാഗമായായിരുന്നു പരിപാടി. ദാർസൈത്തിലെ ഐ.എസ്.സി ഹാളിൽ നടന്ന പരിപാടിയിൽ മസ്കത്തിലെ സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവർത്തകരും വായന സ്നേഹികളും പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ ഗുബ്ര മലയാളം വിഭാഗം മേധാവി ജിതേഷ്, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സിദ്ദിഖ് ഹസൻ, ഇന്ത്യൻ സ്കൂൾ മസ്കത്ത് മലയാളം വിഭാഗം മേധാവി ബ്രിജി അനിൽ കുമാർ, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ അഭിലാഷ് ശിവൻ എന്നിവർ പാനലിന്റെ ഭാഗമായി.പുത്തൻ സാങ്കേതിക വിദ്യകളും സമൂഹ മാധ്യമങ്ങളും മാറ്റിയ ലോകത്ത്, അവയുടെ സഹായത്തോടെ പ്രവാസികൾ വായനയുടെ പുതിയ ലോകങ്ങൾ തേടുന്നതായി പാനൽ അഭിപ്രായപ്പെട്ടു. വിദ്യാർഥികളിൽ വായന ശീലം വളർത്തേണ്ടതിന്റെയും ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ ഇതിനുള്ള പ്രത്യേക പദ്ധതികളെ കുറിച്ചും അധ്യാപകർ വിശദീകരിച്ചു.
പ്രവാസികളായ എഴുത്തുകാർ മലയാള ഭാഷക്ക് നൽകുന്ന സംഭാവനകൾ പാനൽ വിലയിരുത്തി. കേട്ടറിവ് മാത്രമുള്ള പല ദേശ- ജീവിതാനുഭവങ്ങൾ നമ്മുടെ സാഹിത്യത്തിന് പരിചയപ്പെടുത്താൻ പ്രവാസി എഴുത്തുകാർക്ക് കഴിയുന്നു. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പുസ്തകോത്സവങ്ങളുടെ സ്വീകാര്യത, പ്രവാസികൾക്കിടയിൽ പുസ്തകങ്ങൾക്കും വായനക്കുമുള്ള പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു എന്നും ചർച്ച വിലയിരുത്തി. ഒമാനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭ അംഗവുമായ വിൽസൺ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി കെ.എം. ഷക്കീൽ, സോഷ്യൽ ക്ലബ് സാമൂഹികവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ, മലയാളം അധ്യാപിക കല, കെ.വി. വിജയൻ, സിയാദ് ഒണിചിറ, നിസാം തുടങ്ങിയവർ ചർച്ചയുടെ ഭാഗമായി. കേരള വിങ് സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി ജയചന്ദ്രൻ പള്ളിക്കൽ മോഡറേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

