കേരള വിഭാഗം യുവജനോത്സവ മത്സരങ്ങൾക്ക് തിരശ്ശീല
text_fieldsവിധികർത്താക്കൾക്കുള്ള കേരള വിഭാഗത്തിന്റെ സ്നേഹോപഹാരം കൈമാറുന്നു
മസ്കത്ത്: കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലായി ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളുകളിലായി നടന്ന കേരള വിഭാഗം യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള കലാ മത്സരങ്ങൾ സമാപിച്ചു. കുട്ടികളും മുതിർന്നവരുമായി ഒമാനിലെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ 800ൽ അധികം കലാകാരന്മാരും കലാകാരികളും മാറ്റുരച്ച ഉത്സവം കാണാൻ രക്ഷിതാക്കളും അധ്യാപകരും മറ്റുമായി 1000 കണക്കിന് പേരാണ് എത്തിയത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 70ലേറെ ഇനങ്ങളിലാണ് കലാമത്സരങ്ങൾ നടന്നത്. 2001 മുതൽ കേരള വിഭാഗം നടത്തിവരുന്ന യുവജനോത്സവ മത്സരങ്ങൾക്ക് ഒമാനിലെ പൊതു സമൂഹത്തിൽ വലിയ സ്വീകാര്യതയാണുള്ളത് എന്ന് വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പങ്കാളിത്തം. 90ൽ അധികം മത്സരാർത്ഥികൾ ഒരു ഇനത്തിൽ പങ്കെടുത്ത മത്സരങ്ങൾ വരെ ഈ വർഷം ഉണ്ടായിരുന്നു. ഒപ്പന, കേരളനടനം, കഥാപ്രസംഗം, ടാബ്ലോ തുടങ്ങിയവയിൽ ഈ വർഷം മികച്ച മത്സരങ്ങൾ നടന്നു. രാവിലെ ഒമ്പതുമണി മുതൽ വിവിധ വേദികളിൽ അരങ്ങേറിയ കലാമത്സരങ്ങൾ രാത്രി ഏറെ വൈകും വരെ നീണ്ടുനിന്നു.
അവരവരുടെ മേഖലകളിൽ പ്രാവീണ്യവും വൈദഗ്ധ്യവും തെളിയിച്ച അറിയപ്പെടുന്ന കലാകാരൻമാരാണ് മത്സരങ്ങൾക്ക് വിധികർത്താക്കളായി വന്നത്. മത്സരങ്ങളുടെ അവസാനദിവസം നടന്ന സമാപനചടങ്ങിൽ വിധികർത്താക്കൾക്കുള്ള കേരള വിഭാഗത്തിന്റെ സ്നേഹോപഹാരം കൺവീനർ അജയൻ പൊയ്യാറ സമ്മാനിച്ചു. ഇത്രയും ശക്തമായ മത്സരം നാട്ടിലെ യുവജനോത്സവ വേദികളിൽ വരെ കാണാൻ കഴിഞ്ഞിട്ടില്ല എന്ന് വിധികർത്താക്കൾ സമാപന ചടങ്ങിൽ വെച്ച് പറയുകയുണ്ടായി. യുവജനോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ അടുത്തു തന്നെ സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

