കേരളവിഭാഗം യുവജനോത്സവം; സെപ്റ്റംബർ രണ്ടു വരെ അപേക്ഷിക്കാം
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ രണ്ട് രാത്രി ഒമ്പതു മണി വരെ ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഫിസിൽ സ്വീകരിക്കുമെന്ന് കേരള വിഭാഗം വാർത്തക്കുറിപ്പിൽ അറിയിച്ചു. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലും കേരള വിഭാഗം ഓഫിസിലും സെപ്റ്റംബർ 28, 29, 30, ഒക്ടോബർ 6, 7 തീയതികളിലായാണ് മത്സരം സംഘടിപ്പിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, ഒപ്പന, മാർഗംകളി, തിരുവാതിരക്കളി, നാടോടിനൃത്തം, സംഘനൃത്തം, സിനിമാഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, കഥാപ്രസംഗം, മോണോആക്ട്, കീബോർഡ്, ടാബ്ലോ, പ്രച്ഛന്നവേഷം, ചിത്രരചന എന്നീ വിഭാഗങ്ങളിലായാണ് കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രസംഗമത്സരം, ഉപന്യാസരചന, കഥാരചന, കവിതാരചന എന്നീ സാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അപേക്ഷാഫോമുകളും നിയമാവലിയും ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഓഫിസിലും കേരളവിഭാഗത്തിന്റെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 97881264, 92696550, 98962424 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

