ഒമാനെതിരെ കേരളത്തിന് മിന്നും വിജയം; രോഹൻ കുന്നുമ്മലിന് സെഞ്ച്വറി
text_fieldsഅമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന കേരളം-ഒമാൻ മത്സരത്തിൽനിന്ന്, റോഷൻ കുന്നുമ്മൽ
മസ്കത്ത്: ഒമാനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ കേരളത്തിന് തിളക്കമാർന്ന വിജയം. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിൽ നടന്ന കളിയിൽ നാലു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറി മികവിലാണ് (109 ബാളിൽ 122)കേരളം ആതിഥേയർക്കെതിരെ മിന്നും ജയം സ്വന്തമാക്കിയത്. ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ വെടിക്കെട്ടുകളുടെ മാലപ്പടക്കമാണ് റോഹൻ തീർത്തത്. നാലു സിക്സറും 12 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റോഹന്റെ ഇന്നിങ്സ്. ഒമാൻ ഉയർത്തിയ 327 എന്ന കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം പതിയെയായിരുന്നു ബാറ്റ് വീശി തുടങ്ങിയത്. 11ാം ഓവറിൽ ടീം 64 ൽ നിൽക്കെ 23 റൺസെടുത്ത അഹമദ് ഇബ്രാഹിമിന്റെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ മുഹമ്മദ് അസറുദ്ദീനെയും പുറത്താക്കി ഹുസൈൻ അലി ഷ ഒമാന് ആത്മവിശ്വാസം നൽകി. അതേസമയം രോഹൻ കുന്നുമ്മൽ ഒരറ്റത്ത് കൃത്യമായി ബാറ്റ് വീശി. നിശ്ചിത ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി ടീമിന്റെ സ്കോർ ഉയർത്തിക്കൊണ്ടേയിരുന്നു. കൂട്ടിനെത്തിയ സൽമാൻ നിസാറും തനിക്കാവുന്ന സംഭാവന (87) നൽകിയതോടെ കേരളം വിജയതീരമണയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്റെ ഗംഭീര ഇന്നിങ്സിന്റെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 136 ബോളിൽ നിന്ന് 153 റൺസാണ് ജതീന്ദർ അടിച്ചെടുത്തത്.
ഇതിൽ 11 ബൗണ്ടറികളും മൂന്നു സിക്സറും ഉൾപ്പെടും. 68 ബോളിൽ നിന്ന് 73 റൺസാണ് അമീർ ഖലീലിന്റെ സംഭാവന. പൃത്വി മാച്ചി (16 ), ഹമ്മദ് മിർസ (19 ) മുജീബ് ഉർ അലി (10) വിനായക ശുക്ല (29 ) റൺസടിച്ചപ്പോൾ മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. കേരളത്തിന് വേണ്ടി നിദീഷും ഏദൻ ആപ്പിൾ ടോമും നാലു വിക്കറ്റ് വീതം വീഴ്ത്തി. ബിജു നാരായണനും അഹമദ് ഇമ്രാനും ഒരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ കേരളം ഒമാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 23 നാണ് അടുത്ത മത്സരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

