കേരള വിഭാഗം വിജ്ഞാനോത്സവം സംഘടിപ്പിച്ചു
text_fieldsകേരള വിഭാഗം വിജ്ഞാനോത്സവത്തിൽ വിജയികളായവർ സംഘാടകരോടൊപ്പം
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘എന്റെ കേരളം എന്റെ മലയാളം’ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ നിന്നായി എണ്ണൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. നാട്ടിൽ നിന്നും ക്വിസ് മാസ്റ്ററായെത്തിയ ഡോ. പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് കീരി സ്വാഗതം പറഞ്ഞു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ ആശംസകൾ നേർന്നു. കേരള വിഭാഗം കോ-കൺവീനർ കെ.വി. വിജയൻ, ട്രഷറർ അംബുജാക്ഷൻ, മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ദാർസൈത്ത് വിദ്യാർഥികളായ ജൂവാൻ ഉതുപ് ജിപ്സൺ, വൈഗ ബി. നായർ, എസ്. ഹരിശങ്കർ എന്നിവർ ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ ജൂവന ജോ സോഫിയ, പി.കെ. അവന്തിക, ചിന്മയ ശ്രീജേഷ് രണ്ടാം സ്ഥാനവും, ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ അവനി രഞ്ജിത്ത്, ഇഷ പ്രവീൺ രാജ് , ഋഥിക്ക് സായി എന്നിവർ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ പവിത്ര നായർ, അലൻ കെ. അരുൺ, ആസ്മി അബൂബക്കർ എന്നിവർക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യൻ സ്കൂൾ ദാർസൈത്ത് വിദ്യാർഥികളായ എസ്. പൂർണശ്രീ, വി.എസ്. മഹിജ, എസ്. തീർത്ഥ, ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ ഏഞ്ചൽ മരിയ വിൻസെന്റ്, ദേവിക ചന്ദ്രബാനു, അർച്ചിത പ്രസാദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മത്സര വിജയികൾക്കുള്ള ഉപഹാരങ്ങളും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. കോ കൺവീനർ കെ.വി.വിജയൻ നന്ദി പറഞ്ഞു. ജൂനിയർ, സീനിയർ വിഭാഗങ്ങളായി നടന്ന മത്സരത്തിൽ കല, സാഹിത്യം, ചരിത്രം, കായികം, ആനുകാലികം തുടങ്ങി വിവിധ മേഖലകളെ സ്പർശിച്ചുള്ള ചോദ്യങ്ങൾക്ക് വിദ്യാർഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭ്യമായത്.
മത്സരം ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നുവെന്ന് ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. കേരളത്തെക്കുറിച്ച് പ്രവാസലോകത്തെ കുട്ടികൾക്ക് ആഴത്തിൽ അറിയാൻ ഇത്തരം സംരംഭങ്ങൾ ഏറെ സഹായകരമാണെന്ന് മത്സരം വീക്ഷിച്ച രക്ഷിതാക്കൾ പറഞ്ഞു. കേരളവിഭാഗത്തിന്റെ ആവിർഭാവം മുതൽ ‘എന്റെ കേരളം എന്റെ മലയാളം’ വിജ്ഞാനോത്സവം സംഘടിപ്പിച്ചുവരുന്നു. കോവിഡ് കാലത്ത് ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.