കേരള ബജറ്റ്: പ്രവാസികൾക്ക് തലോടൽ മാത്രം
text_fieldsദുബൈ: പടിവാതിൽക്കൽ എത്തിനിൽക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും പ്രവാസികൾക്ക് തലോടൽ മാത്രം ബാക്കി. പ്രവാസികളെ ക്ഷേമം ലക്ഷ്യംവെച്ചുള്ള കാര്യമായി പ്രഖ്യാപനങ്ങൾ ഇത്തവണയും ഉണ്ടായില്ലെന്നാണ് പരക്കെയുള്ള വിമർശനം.
പ്രവാസി വ്യവസായ പാർക്കിന് 20 കോടി നീക്കിവെച്ചതാണ് എടുത്തുപറയാവുന്ന ഒന്ന്. തിരികെയെത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ കൂട്ടായ്മകളും സംഘടനകളും പലതവണ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവസാന ബജറ്റിലും കാര്യമായ പരിഗണന നേടിയില്ല. മാറുന്ന ആഗോള സാഹചര്യത്തിൽ തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതായി ധനമന്ത്രി പരാമർശിച്ചെങ്കിലും ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴിയുള്ള പുനരധിവാസ പദ്ധതികൾക്ക് കേവലം 65 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. എങ്കിലും കഴിഞ്ഞ ബജറ്റിനേക്കാൾ തുക വർധിപ്പിച്ചിട്ടുണ്ട്. 2024ൽ ബജറ്റിൽ പ്രവാസി പുനരധിവാസത്തിന് 25 കോടിയും ലോക കേരള സഭക്ക് 2.5 കോടി രൂപയുമായിരുന്നു അനുവദിച്ചത്.
ധൂർത്താണെന്ന് വലിയ വിമർശനം പ്രവാസികളിൽ നിന്നുതന്നെ ഉയരുന്ന ലോക കേരള സഭക്കും അനുബന്ധ പരിപാടികൾക്കുമായി ഇത്തവണ പക്ഷേ, 7.30 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പ്രവാസികളുടെ ചികിത്സ സഹായവും മറ്റും ഉൾപ്പെടുന്ന സാന്ത്വന പദ്ധതിക്ക് 35 കോടിയും ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ 18 കോടിയും മാത്രമാണ് വകയിരുത്തിയത്. അതേസമയം, പ്രവാസി ഡിവിഷന്റ് സ്കീമിന് 6.5 കോടി വകയിരുത്തിയത് ആശ്വാസകരമാണ്. എങ്കിലും വലിയ ഒരു വിഭാഗം പ്രവാസികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത് പര്യാപ്തമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രവാസികൾ പ്രതിവർഷം രണ്ട് ലക്ഷം കോടി രൂപ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്ന് ദുബൈ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്നുപറഞ്ഞതാണ്.
എന്നാൽ ആ പണം പ്രത്യൽപാദനപരമായ വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു ശ്രമവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെന്ന വിമർശനവും വ്യാപകമാണ്. വർഷങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനുള്ള ഒരു നീക്കവും ഇത്തവണയുമില്ലെന്നതും നിരാശജനകമാണ്. തൊഴിൽ തട്ടിപ്പിന് ഇരയാകുന്ന പ്രവാസികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള ഇടപെടലുകളോ അതിനായുള്ള ഫണ്ടുകളോ മാറ്റിവെച്ചിട്ടില്ല. കേരള സമ്പദ്ഘടനയുടെ നട്ടെല്ലായി വർത്തിക്കുന്ന പ്രവാസികൾക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെയാണ് ഇത്തവണത്തെയും ബജറ്റ് കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

