കേരള ബജറ്റ്; പ്രവാസികളുടെ പ്രതീക്ഷകൾക്കൊത്തുയർന്നോ...?
text_fieldsമസ്കത്ത്: വി.ഡി. സതീശൻ മുഖ്യമന്ത്രിയായ കേരളത്തിലെ യു.ഡി.എഫ് സർക്കാറിന്റെ ബജറ്റിനെ ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസി സമൂഹം കാത്തിരുന്നത്. ബജറ്റിൽ പ്രവാസികൾക്കായി ഏറ്റവും പ്രധാനമായി പ്രഖ്യാപിച്ചത് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ടാണ്. വിദേശത്തുള്ള മലയാളികളുടെ നിക്ഷേപം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സംരംഭങ്ങൾക്കുമായി ഉപയോഗിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രവാസികളെ കേവലം പണം അയക്കുന്നവർ എന്ന നിലയിൽ നിന്നും മാറി, കേരളത്തിലെ വികസന പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാന പങ്കാളികളാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. പ്രവാസികൾക്ക് സുരക്ഷിതമായി നിക്ഷേപം നടത്താൻ സാധിക്കുന്ന ഫണ്ട് രൂപീകരിക്കും. വിദേശത്തേക്ക് തൊഴിൽ തേടി പോകുന്നവർക്കായി സുരക്ഷിതമായ കുടിയേറ്റ മാർഗങ്ങളും, മികച്ച നൈപുണ്യ പരിശീലനങ്ങളും ഉറപ്പാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ പുതിയ വ്യവസായങ്ങൾ, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ പ്രവാസി വ്യവസായികളെ ആകർഷിക്കുന്ന നയങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി സമൂഹത്തിൽ നിന്നും ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ഈ നീക്കത്തിന് ലഭിച്ചിട്ടുള്ളത്.
അതേസമയം, സാധാരണക്കാരായ പ്രവാസികളാണ് മറുനാടുകളിൽകഴിയുന്നവരിൽ ഭൂരിഭാഗവുമെന്നിരിക്കെ, താഴ്ത്തട്ടിലുള്ള പ്രവാസികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ ബജറ്റിനായില്ലെന്ന വിമർശനവും പ്രവാസി സംഘടനകൾ ഉന്നയിക്കുന്നു.
ബജറ്റിൽ കാര്യമായി പ്രഖ്യാപിച്ച പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നത് മധ്യവർഗത്തിന് മുകളിലുള്ളവർക്കാണ് പ്രയോജനപ്പെടുക. സാധാവരണ പ്രവാസികൾ നിത്യേന അനുഭവിക്കുന ജീവൽ പ്രശ്നങ്ങൾക്ക് ബജറ്ററിൽ കാര്യമായ പരിഹാരമില്ലെന്നതാണ് ശ്രദ്ധേയ വിമർശനം. പ്രവാസി ക്ഷേമനിധി ബോർഡിലെ പ്രതിസന്ധി, നോർക്ക റൂട്ട്സ് ശക്തിപ്പെടുത്തൽ, തിരിച്ചെത്തിയ പ്രവാസികൾക്കുള്ള സാന്ത്വന പദ്ധതി എന്നിവയിലൊന്നും കാര്യമായ സംഭാവന നൽകാൻ ബജറ്റിനായില്ലെന്ന് പ്രവാസി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന പ്രവാസി പെൻഷൻ വർധിപ്പിക്കൽ, ക്ഷേമ ബോർഡ് വിഹിതം കൂട്ടൽ, 60 വയസ്സ് കഴിഞ്ഞവർക്ക് അംഗത്വം നൽകൽ, നോർക്ക കെയർ ഇൻഷുറൻസ്, പുനരധിവാസ പദ്ധതികൾ തുടങ്ങിയ സുപ്രധാന കാര്യങ്ങളെല്ലാം ബജറ്റിൽ അവഗണിക്കപ്പെട്ടതായും വിമർശനമുയരുന്നു.
നിരാശാജനകമായ ബജറ്റ്
പ്രവാസികളെന്ന നിലയിൽ തീർത്തും നിരാശാജനകമായ ബജറ്റാണിത്. ആകെ പ്രഖ്യാപിച്ച പദ്ധതിയായ പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് മധ്യവർഗത്തിന് മുകളിലുള്ളവർക്കായുള്ള പദ്ധതിയാണ്. സാധാരണ പ്രവാസികൾക്ക് ഇതിൽ ഒന്നുമില്ല. വലിയ പ്രതിസന്ധിയിലുള്ള പ്രവാസി ക്ഷേമനിധി ബോർഡിനായി ഒന്നും നീക്കിവെച്ചിട്ടില്ല.
ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് രണ്ടുമാസമായി. നിലവിലുള്ള പെൻഷൻ കൊടുത്തു തീർക്കാൻ തന്നെ 32 കോടിയോളം ആവശ്യമാണ്. മുൻ സർക്കാർ ഇറങ്ങുന്നതിന് മുമ്പ് 70 കോടിയിലേറെ തുക നൽകി പ്രവാസി ക്ഷേമനിധി പെൻഷന് താൽക്കാലിക പരിഹാരം കണ്ടെത്തിയിരുന്നു. എന്നാൽ, വീണ്ടും അത് പ്രതിസന്ധിയിലേക്ക് കൊണ്ടുപോവുകയാണ് യു.ഡി.എഫ് സർക്കാർ. ഇതിനെ കരകയറ്റാനുള്ള ഒരു പ്രഖ്യാപനവുമില്ല. നോർക്ക റൂട്ട്സ് ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും പ്രഖ്യാപനമില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പുതിയ പദ്ധതികളില്ല. ആകെത്തുകയിൽ സാധാരണ പ്രവാസികളെ തീർത്തും അവഗണിക്കുന്ന ബജറ്റാണിത്.
പ്രവാസികൾക്ക് കരുതലും സുരക്ഷയും - സലാല കെ.എം.സി.സി
പുതിയ യു.ഡി.എഫ് സർക്കാറിന്റെ കന്നി ബജറ്റ് പ്രവാസികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് സലാല കെ.എം.സി.സി. പ്രവാസികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതികൾ എന്തുകൊണ്ടും പ്രവാസി സമൂഹത്തിന് വലിയ സ്വീകാര്യത നൽകുന്നതാണ്.
പ്രവാസി പങ്കാളിത്തത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത് ഇൻവെസ്റ്റേഴ്സ് ഫണ്ട് എന്ന പദ്ധതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ മേഖല, കൃഷി സംബന്ധമായ കാര്യങ്ങൾ എന്നിവയിലൊക്കെ പ്രവാസികളെ കൂടി നിക്ഷേപകരാക്കിക്കൊണ്ട് വലിയൊരു പദ്ധതിക്കാണ് കേരള സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഇത് പ്രവാസികൾക്ക് കൂടുതൽ സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ സാധ്യതകൾ സ്വന്തം നാട്ടിൽ തുറന്നുനൽകുമെന്നതിൽ സംശയമില്ല.
കേരളത്തിലെ പ്രധാന നാല് എയർപോർട്ടുകളെയും കേന്ദ്രീകരിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബായി വികസിപ്പിക്കുന്നതിനായി 200 കോടി രൂപ വകയിരുത്തിയത് പ്രവാസി മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇത് ഭാവിയിൽ പ്രവാസികളുടെ യാത്രാ-കാർഗോ ക്ലേശങ്ങൾക്ക് വലിയൊരു പരിഹാരമാകും.
സാധാരണക്കാരായ ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ, വികസനവും ജനക്ഷേമവും മുൻനിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ഈ ബജറ്റ് തികച്ചും സ്വാഗതാർഹമാണെന്ന് സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപറ്റയും അറിയിച്ചു
ജനദ്രോഹ ബജറ്റ്; പ്രവാസികളെയും കൈയൊഴിഞ്ഞു -കൈരളി ഒമാൻ
പ്രകടനപത്രിക വഴി ഒട്ടനവധി വാചകക്കസർത്തുകൾ നടത്തിയ മന്ത്രിസഭയുടെ ആദ്യ ബജറ്റിൽ അതൊന്നും തന്നെ പ്രതിഫലിച്ചിട്ടില്ല എന്ന് മാത്രമല്ല, നിലവിൽ പ്രവാസി ക്ഷേമ പെൻഷൻ അടക്കം വിതരണം നിലച്ചിരിക്കുന്ന അവസ്ഥയിലേക്ക് നാട് എത്തിയിരിക്കുകയാണ്.
ഭൂപരിഷ്കരണ നിയമം പോലും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബജറ്റിൽ കാണാൻ കഴിയും. പുതിയ വിഭവസമാഹരണത്തിനുള്ള നിർദേശങ്ങൾ ഇല്ല. വൻകിട പദ്ധതികളുടെ ഒട്ടനവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ കാണാൻ കഴിയുന്നുമുണ്ട്.
സാമൂഹ്യസുരക്ഷാ പെൻഷൻ വർധിപ്പിക്കണമെന്ന ജനങ്ങളുടെ ശക്തമായ ആവശ്യം പൂർണമായും അവഗണിക്കപ്പെട്ടു. വിലക്കയറ്റം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏറ്റവും ദുർബല വിഭാഗങ്ങളുടെ വരുമാനസുരക്ഷ ഉറപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് നിർണായക സംഭാവന നൽകുന്ന പ്രവാസി സമൂഹത്തോടുള്ള അവഗണനയും ബജറ്റിൽ പ്രകടമാണ്. പ്രവാസി ക്ഷേമപെൻഷൻ വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം മാത്രമല്ല, കഴിഞ്ഞ രണ്ട് മാസമായി കുടിശ്ശികയായിരിക്കുന്ന പ്രവാസി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനെക്കുറിച്ചുപോലും വ്യക്തമായ ഉറപ്പുകൾ നൽകിയിട്ടില്ല.
അതീവ ആശങ്കാജനകമായ മറ്റൊരു വിഷയമാണ് ധാതുമേഖല ഉൾപ്പെടെയുള്ള പ്രകൃതിവിഭവ മേഖലകളിൽ സ്വകാര്യ മൂലധനത്തിന് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്ന സമീപനം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെക്കാൾ നിക്ഷേപ സൗഹൃദ പദ്ധതികൾക്കും കമ്പോളാധിഷ്ഠിത വികസന മാതൃകകൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
കുറച്ചു കൂടി വിഭവ സമാഹരണമാവാം
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ വലിയ സംഭാവനയാണ് പ്രവാസികൾ നൽകുന്നത്. എന്നാൽ, കേന്ദ്ര , സംസ്ഥാന സർക്കാറുകളുടെ ബജറ്റിൽ ഇക്കൂട്ടരെ കാര്യമായി പരിഗണിക്കുന്നില്ല. സംസ്ഥാന സർക്കാറുകൾക്ക് പരിമിതികൾ ഉണ്ട് എന്നുള്ളത് ശരിയാണ്. എന്നാൽ കാലോചിതമായി പ്രവാസി പെൻഷൻ പരിഷ്കരണം, തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികൾ എന്നിവയിൽ കാര്യമായ പ്രഖ്യാപനം കണ്ടില്ല. പശ്ചിമേഷ്യൻ സംഘർഷം മൂലം നിരവധി പ്രവാസികളാണ് നാട്ടിലേക്കു മടങ്ങിയത്.
എന്നാൽ, പുരോഗമനപരമായ മിഷൻ സമുദ്ര, ഫാമിലി ഹെൽത്ത് ഇൻഷുറൻസ്, ഗ്ലോബൽ ജോബ് വാച്ച്, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കൽ, വ്യവസായ സംരംഭകാർക്ക് വേണ്ടിയുള്ള പദ്ധതികൾ ഇവ സ്വാഗതർഹമാണ്. പ്രവാസികൾ നാട്ടിലേക്കു അയക്കുന്ന പണം ക്രിയാത്കമായി ഉപയോഗിക്കുന്നതിനു വേണ്ടി രൂപീകരിക്കുന്ന പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഒരു നല്ല കാര്യമാണ്. റെമിറ്റൻസ് ഇക്കണോമിയിൽ നിന്നും ഇൻവെസ്റ്റ്മെന്റ് ഇക്കണോമി യിലേക്കുള്ള മാറ്റം. ഇത് പ്രവാസികളുടെ പണം കൃഷി, ടൂറിസം, നിർമാണം, കച്ചവടം തുടങ്ങിയ വിവിധ മേഖലകളിൽ മടങ്ങുന്ന പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കും. ഒമ്പതു മാസത്തേക്കുള്ള ഒരു ബജറ്റാണിത്. കുറച്ചു കൂടി വിഭവ സമാഹരണം ആകാമായിരുന്നു എന്നാണ് എന്റെ പക്ഷം.
പ്രവാസി പ്രതീക്ഷകൾ ബാക്കി; പെൻഷൻ വർധന വേണം
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് ചില മേഖലകളിൽ ഗുണകരമാകുന്ന ഒന്നായി വിലയിരുത്താം. എന്നാൽ പ്രവാസി ക്ഷേമനിധി പെൻഷൻ വർധിപ്പിക്കുന്ന കാര്യത്തിൽ യാതൊരു ഇടപെടലും ബജറ്റിൽ ഉണ്ടായിട്ടില്ല എന്നത് നിരാശാജനകമാണ്. ജീവിതകാലത്തിന്റെ മികച്ച വർഷങ്ങൾ വിദേശത്ത് കഠിനാധ്വാനം ചെയ്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വലിയ സംഭാവന നൽകിയ പ്രവാസികൾക്ക് കൂടുതൽ പരിഗണന നൽകേണ്ടതായിരുന്നു. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും ആരോഗ്യപരിപാലന ചെലവുകളും കണക്കിലെടുത്ത് ക്ഷേമനിധി പെൻഷൻ അടിയന്തരമായി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. പെൻഷൻ തുക യാഥാർഥ്യ ബോധത്തോടെയും കാലാനുസൃതമായും പുതുക്കുന്നത് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാകുകയും അവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
കൂടാതെ, വിദേശത്ത് വർഷങ്ങളോളം സേവനം അനുഷ്ഠിച്ച വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികൾ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ, അവരുടെ അനുഭവവും കഴിവും പ്രയോജനപ്പെടുത്തുന്ന തരത്തിൽ സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ താൽക്കാലികമായെങ്കിലും തൊഴിൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇത്തരമൊരു നടപടി അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിനും വളരെയധികം സഹായകരമാകും.
ബജറ്റ് ഒരു പുതുയുഗ യാത്രക്കുള്ള കാൽവെപ്പ്- ഇൻകാസ് ഒമാൻ
ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ് ഒരു പുതുയുഗ യാത്രയിലേക്കുള്ള കാൽവെപ്പ് ആകുമെന്നതിൽ സംശയമില്ല.ഗ്ലോബൽ ജോബ് വാച് ടവർ എന്ന ആശയവും കേരള നോളജ് വാലി പദ്ധതിയും തൊഴിൽ മേഖലയിലും കേരളത്തിന്റെ വിദേശനാണ്യ വരുമാനത്തിലും ഗുണപരമായ മാറ്റം സൃഷ്ടിക്കും. വിമാനത്തവളങ്ങളുടെ വികസനത്തിന് 200 കോടി രൂപ പ്രഖ്യാപിച്ചത് പ്രവാസികൾ കാലങ്ങളായി ആവശ്യപെടുന്ന പല കാര്യങ്ങൾക്കും സഹായകമാകുമെന്നതിൽ സംശയമില്ല. പ്രവാസികളെ വെറും റമിറ്റൻസിന്റെ കണക്കുകളായി മാത്രം കാണാതെ, അവരുടെ അധ്വാനഫലത്തെ കേരളത്തിന്റെ വികസനത്തിനായുള്ള നിക്ഷേപശക്തിയായി മാറ്റുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയിൽ അവരെ നേരിട്ട് പങ്കാളികളാക്കുകയും ചെയ്യുക എന്ന ദീർഘവീക്ഷണത്തോടെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പ്രവാസികൾ വിരമിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ കേരളത്തിൽ സംരംഭങ്ങളും നിക്ഷേപങ്ങളും ആരംഭിക്കാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യവും ഈ ബജറ്റിനുണ്ടെന്ന് ഇൻകാസ് ഒമാൻ അഡ്ഹോക് കമ്മിറ്റി കൺവീനർ അനീഷ് കടവില്‍, ചെയർമാൻ മണികണ്ഠൻ കോതോട്ട് എന്നിവർ പറഞ്ഞു.
പ്രവാസി ക്ഷേമ പദ്ധതികൾക്ക് ഇടമില്ല; ബജറ്റ് അപൂർണം- പ്രവാസി വെൽഫെയർ സലാല
പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റിൽ സാധാരണക്കാരായ പ്രവാസികൾക്കായി ഒന്നും തന്നെ കരുതി വെച്ചിട്ടില്ല എന്നുള്ളത് നിരാശാജനകവും പ്രതിഷേധാർഹവും ആണെന്ന് പ്രവാസി വെൽഫെയർ സലാല വർക്കിംഗ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച പ്രവാസി ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് ഫണ്ട് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് കാര്യമായി പ്രയോജനപ്പെടുമെന്ന് കരുതാൻ കഴിയില്ല. കേരളത്തിൻറെ വികസനത്തിന് ഊന്നൽ നൽകുന്ന ധാരാളം പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട ബജറ്റിൽ, കേരളത്തിലേക്ക് പണം ഒഴുക്കുന്ന പ്രവാസികളുടെ കാര്യത്തിലും പ്രത്യേക പരിഗണന ഉണ്ടാകേണ്ടിയിരുന്നു. പ്രവാസിക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രത്യേക ഫണ്ട് വകയിരുത്തി കുറവ് പരിഹരിക്കണമെന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു. വഹീദ് ചേന്ദമംഗലൂർ, തസ്രീനഗഫൂർ, സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിൻകര, സാജിത ഹഫീസ് തുടങ്ങിയവർ സംസാരിച്ചു.
സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ബജറ്റ്
ഈ ബജറ്റ് സാമ്പത്തിക ഉത്തരവാദിത്തവും സാമൂഹിക വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നു. കേരളത്തിന്റെ ഭാവി വികസനത്തിന് വേണ്ടിയുള്ള ഒരു പുരോഗമനപരമായ രൂപരേഖയായാണ് ഈ ബജറ്റിനെ വിലയിരുത്തുന്നത്. കേരളത്തെ ഒരു പ്രധാന ലോജിസ്റ്റിക്സ്, മാരിടൈം ഹബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ വികസന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ഈ പദ്ധതികൾ സഹായിക്കും. മിഷൻ സമുദ്ര, നിക്ഷേപകർക്ക് ഒരൊറ്റ ഇടത്തുനിന്ന് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന 'സിംഗിൾ വിൻഡോ' സംവിധാനമായ ഇൻവെസ്റ്റ് കേരള സെൽ, പുതിയ ഗവേഷണ പാർക്ക് പദ്ധതി തുടങ്ങിയ സംരംഭങ്ങളിലൂടെ സംസ്ഥാനത്തേക്ക് കൂടുതൽ സ്വകാര്യ മൂലധനം കൊണ്ടുവരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
‘പ്രതീക്ഷ നൽകുന്ന ബജറ്റ്; കേരള സമൂഹത്തോടുള്ള കരുതൽ’
ഇത്രയേറെ പ്രതീക്ഷ നൽകുന്ന ഒരു ബജറ്റ് അവതരിപ്പിക്കാൻ യു.ഡി.എഫ് സർക്കാരിന് കഴിഞ്ഞു എന്നുള്ളത് കേരള സമൂഹത്തോട് സർക്കാരിന്റെ കരുതൽ ആണ് വ്യക്തമാക്കുന്നത്.ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതില്‍ പ്രവാസികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണ്.
പ്രവാസികള്‍ നിക്ഷേപകരായും സംരംഭകരായും അറിവ് പങ്കിടുന്നവരായും മാറേണ്ടതുണ്ടെന്നും സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, കാര്‍ഷിക മൂല്യവര്‍ധിത സംരംഭങ്ങള്‍, ആരോഗ്യരംഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ കൂട്ടായ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ക്ക് കഴിയുമെന്നും ബജറ്റ് പ്രത്യാശ നൽകുന്നു.
റെമിറ്റന്‍സ് ഇക്കോണമി എന്ന നിലയില്‍ നിന്നും ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റേണ്ടതുണ്ടെന്നും അത് യു.ഡി.എഫിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ബജറ്റ് വിരൽ ചൂണ്ടുന്നു.
ഭാവിയിലെ കേരള വികസനത്തിന് പണം അയക്കല്‍ മാത്രം മതിയാകില്ലെന്നും പ്രവാസി സമൂഹം കേരളത്തിൻ്റെ ഭാഗമായി മാറുന്നു എന്ന പ്രത്യേകതയും ഈ ബജറ്റിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

