കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം; ആവേശത്തിരയിൽ പ്രവാസലോകവും
text_fieldsസിലാൽ സെൻട്രൽ വെജിറ്റബിൾ മാർകെറ്റിൽ സുഹൂൽ അൽ ഫൈഹ കമ്പനിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി നടത്തിയ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ ലൈവ് പ്രദർശനം ഒരുക്കിയപ്പോൾ (ഇടത്ത്), തുടർന്ന് നടത്തിയ വിജയാഘോഷം
മസ്കത്ത്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ നാടിനൊപ്പം തന്നെ വോട്ടെണ്ണലിന്റെ ആവേശത്തിലായിരുന്നു പ്രവാസലോകവും. രാവിലെ മുതൽ ടെലിവിഷൻ സ്‌ക്രീനുകൾക്കും മൊബൈൽ ഫോണുകൾക്കും മുന്നിലായിരുന്നു പ്രവാസി മലയാളികൾ. ഫലം പുറത്തുവന്നതോടെ വിവിധ പ്രവാസി സംഘടനകൾ വലിയ രീതിയിലുള്ള വിജയാഘോഷങ്ങളുമായി രംഗത്തെത്തി.യു.ഡി.എഫിന്റെ മികച്ച മുന്നേറ്റം പ്രവാസി ലോകത്തെ കോൺഗ്രസ്, മുസ്‍ലിം ലീഗ്, വെൽഫെയർ അനുകൂല സംഘടനകളിൽ വലിയ ആവേശത്തിരയാണ് തീർത്തിരിക്കുന്നത്. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾ കാറ്റിൽ പറത്തി ഉജ്വല തേരോട്ടത്തിനൊടുവിൽ യു.ഡി.എഫ് അധികാരം ഉറപ്പിച്ചതോടെ കെ.എം.സി.സി, ഇൻകാസ് പ്രവർത്തകർ മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. പ്രവാസി വെൽഫെയർ പ്രവർത്തകരും വിജയ സന്തോഷം പങ്കുവെച്ചു.
അതേസമയം, ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷ അനുകൂല പ്രവാസി സംഘടനകളിൽ ഫലം വലിയ നിരാശയാണ് പടർത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും യു.ഡി.എഫ് ലീഡ് നില ഉയർത്തിയതോടെ ഇടതുകേന്ദ്രങ്ങൾ മ്ലാനമായി. കേരള ചരിത്രത്തിൽ നിർണായകമായ മൂന്ന് സീറ്റുകൾ ബി.ജെ.പിക്ക് ലഭിച്ചത് എൻ.ഡി.എ അനുകൂലികളായ പ്രവാസികൾക്കും സന്തോഷം പകർന്നു. മുമ്പ് നിയമസഭയിലേക്ക് ഒറ്റ അംഗത്തെ മാത്രം ഒരിക്കൽ ജയിപ്പിച്ചെടുത്ത ചരിത്രംമാത്രമുള്ള എൻ.ഡി.എ, ഇത്തവണ മൂന്നുപേരെ നിയമസഭയിലെത്തിച്ചത് തങ്ങളുടെ രാഷ്ട്രീയ നിലപാടിന് ലഭിച്ച അംഗീകാരമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. രാവിലെ മുതൽ ജോലിസ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും വോട്ടെണ്ണൽ വിശേഷങ്ങൾ മാത്രമായിരുന്നു പ്രവാസികളുടെ ചർച്ചാവിഷയം.
ഇത്തവണ പലവിധ പ്രതികൂല സാഹചര്യങ്ങളാൽ പ്രവാസികളിൽ മിക്കവർക്കും വോട്ടുചെയ്യാൻനാട്ടിലേക്ക് പറക്കാൻ കഴിഞിരുന്നില്ല. എങ്കിലും, തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും ആവേശത്തിന് പ്രവാസ ലോകത്ത് ഒട്ടുംകുറവുണ്ടായില്ല.
വിജയത്തിൽ യു.ഡി.എഫ് അനുകൂലികൾ പച്ച ലഡു വിതരണം ചെയ്തും കേക്കുമുറിച്ചും ആഹ്ലാദം പങ്കുവെച്ചു. ജോലിത്തിരക്കൊഴിഞ്ഞ് രാത്രിയിൽ ഒത്തുകൂടിയവർക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനം തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരെന്ന മലയാളിയുടെ രാഷ്ട്രീയ ബോധ്യത്തെ കൂടി അടയാളപ്പെടുത്തുന്നതാണ് പ്രവാസ ലോകത്തെ ഈ പ്രകടനങ്ങൾ.
സിലാൽ മാർക്കറ്റിലും ആഘോഷം
ബർകയിലെ സിലാൽ സെൻട്രൽ വെജിറ്റബിൾ മാർക്കറ്റിൽ സുഹൂൽ അൽ ഫൈഹ കമ്പനിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി വലിയ സ്ക്രീനിലാണ് തെരഞ്ഞെടുപ്പ് ഫലം ലൈവായി കാണിച്ചത്. ഫലം കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും യു.ഡി.എഫ് അനുഭാവികളായിരുന്നു. യു.ഡി.എഫ് സീറ്റുകൾ തൂത്തുവാരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു തൊഴിലാളികളുണ്ടായിരുന്നത്.
ആദ്യ റൗണ്ടുകളിൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായത് ക്യാമ്പിൽ ആവേശം സൃഷ്ടിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം യു.ഡി.എഫിന് വോട്ടായി മാറിയെന്ന വിലയിരുത്തലാണ് തൊഴിലാളികൾക്കുള്ളത്. കൊടിതോരണങ്ങളേന്തിയാണ് പലരും ഫല പ്രഖ്യാപനം തത്സമയം കണ്ടത്. യു.ഡി.എഫ് 100 സീറ്റുകളിൽ ശക്തമായ ആധിപത്യം പുലർത്തിയതോടെ ആരവങ്ങളുയർന്നു.
കേക്ക് മുറിച്ചും, ലഡു വിതരണം ചെയ്തുമാണ് പത്തു വർഷത്തിനു ശേഷമുള്ള യു.ഡി.എഫിന്റെ തിരിച്ചുവരവിനെ പ്രവാസി തൊഴിലാളികൾ ആഘോഷിച്ചത്. യു.ഡി.എഫ് ഭരണം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ജനവിധി ഇടതുപക്ഷത്തിന്റെ അധികാര ധാർഷ്യട്യത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും തൊഴിലാളികൾ പറഞ്ഞു. മലയാളികളുടെ രാഷ്ട്രീയ ജനാധിപത്യാവബോധത്തെ മറ്റു വിദേശ-ഇതര സംസ്ഥാന തൊഴിലാളികളും കൗതുകത്തോടെയാണ് വീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

