പ്രവാസലോകത്തെ കെണികളിലേക്ക് മിഴി തുറന്ന് ‘കെണിഞ്ചൻ’
text_fields‘കെണിഞ്ചൻ’ ചിത്രത്തിന്റെ ഭാഗമായവരെ ആദരിച്ചപ്പോൾ
മസ്കത്ത്: പ്രവാസജീവിതത്തിൽ സാഹചര്യങ്ങളുടെ സമ്മർദങ്ങളിൽപെട്ട് കെണിയിൽ വീണുപോകുന്ന ഗാർഹികതൊഴിലാളികളെയും അതിൽനിന്ന് സ്വന്തം ഇച്ഛാശക്തിയിൽ അതിജീവിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കഥ പറയുന്ന കെണിഞ്ചൻ, ദി ട്രാപ്പർ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രഥമ പ്രദർശനം റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്നു. ആടുജീവിതം ഫെയിം ഡോക്ടർ താലിബ് ആൽ ബലൂഷി, ഒമാൻ ഫിലിം സൊസൈറ്റി പ്രതിനിധികൾ, മുഹമ്മദ് അൽ കിന്ദി, ഭാവലയ ചെയർമാനും വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റുമായ ഡോക്ടർ ജെ. രത്നകുമാർ എന്നിവർ മുഖ്യാതിഥ്യം വഹിച്ച ചടങ്ങിൽ ചിത്രത്തിന്റെ ഭാഗമായവരെ ആദരിച്ചു.
അമിഗോസ് മസ്കത്തിന്റെ ബാനറിൽ സിനോജ് അമ്പൂക്കൻ ജോസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ഒമാനിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കബീർ യൂസുഫും നൃത്തനാടക രംഗങ്ങളിലെ പ്രമുഖയായ ഇന്ദു ബാബുരാജും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മലയാളി നാടക-സിനിമ നടനും സംവിധായകൻ സിനോജിന്റെ പിതാവുമായ ജോസ് അമ്പൂക്കനെക്കൂടാതെ സുഭാഷ് കൃഷ്ണൻ, മുഹമ്മദ് കളത്തിങ്കൾ തിരൂർ, ജോസ് ചാക്കോ, വിനോദ് പുന്നൂർ, നിഖിൽ, ഹരിപ്രസാദ് കിരൺ, ദിനേശ് കുമാർ, ഡോ. രാജഗോപാൽ എന്നിവരാണ് വിവിധ വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഡി.ഒ.പി ആൻഡ് കാമറ ജിജോ തൂമ്പാറ്റ്, പ്രണവ് ഐ മാജിക് എന്നിവരും അനു നരേഷ് സഹസംവിധാനവും ലെനോ മാർട്ടിൻ പശ്ചാത്തലസംഗീതം, ഷൈജു എം ശബ്ദ സന്നിവേശവും നിർവഹിച്ചിരിക്കുന്നു. കല, മേക്കപ് എന്നിവ റെജി പുത്തൂരാണ്.
ജോസ് ചാക്കോ പി.ആർ, അജേഷ് മോഹൻദാസ് പബ്ലിസിറ്റി ഡിസൈൻ, നിർമാണ നിർവഹണം ദിനേശ് കുമാറും കൈകാര്യം ചെയ്തിരിക്കുന്നു. സിബി കെ. ടോമി, ഹരിപ്രസാദ് കിരൺ എന്നിവരാണ് നിർമാണ മേൽനോട്ടം. ചടങ്ങിൽ സിനിമ നാടകരംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ഇതിനകം പല പ്രമുഖ ഹ്രസ്വചിത്ര മേളകളിലും തെരഞ്ഞെടുക്കപ്പെട്ട ചിത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ യൂട്യൂബിൽ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

