മസ്കത്ത്: കഠ്വ സംഭവത്തിനെതിരെ പ്രവാസി വെൽഫെയർ ഫോറം ഒമാൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. റൂവി പാർക്ക്വേ ഹോട്ടലിൽ നടന്ന പരിപാടിയിൽ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ ഒത്തുചേർന്നു. ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി വൈകരുതെന്ന് പരിപാടിയിൽ പെങ്കടുത്തവർ ചൂണ്ടികാട്ടി. ഫാഷിസ്റ്റുകളുടെ ചെയ്തികൾക്കെതിരെ ഒരുമിച്ച് ശക്തമായി പ്രതികരിക്കണം. അല്ലാത്തപക്ഷം ഫാഷിസ്റ്റ് പരീക്ഷണങ്ങൾ വ്യാപിക്കുകയും നമുക്ക് അരികിലേക്ക് എത്തുകയും ചെയ്യും. ഭീതി വളർത്തി ഒരു സമൂഹത്തെ പാർശ്വവത്കരിച്ച് ഉന്മൂലനം ചെയ്യാനുള്ള അജണ്ടയുടെ ഭാഗമാണ് കഠ്വ സംഭവം. ഇത്തരം അജണ്ടകളെ ശക്തമായി ചെറുക്കണം.
ഒപ്പം, ഇതിെൻറ പേരിൽ വർഗീയതയും ചേരിതിരിവും വളർത്തുന്നതിനുള്ള ശ്രമങ്ങളെയും പരാജയപ്പെടുത്തേണ്ടതുണ്ട്. ഒറ്റപ്പെട്ടുനിൽക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ ഒരുമിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ ഒാർമിപ്പിച്ചു. കെ. മുനീർ അധ്യക്ഷത വഹിച്ചു. ഫസൽ കതിരൂർ വിഷയം അവതരിപ്പിച്ചു. ഷിലിൻ പൊയ്യാര, മുരളി, സരസ്വതി മനോജ്, രാധാകൃഷ്ണ കുറുപ്പ്, ഷക്കീൽ ഹസൻ, കല ടീച്ചർ, അഫ്ത്താബ്, ബാബുരാജ്, ബിനു ജോൺ, ബക്കർ എന്നിവർ സംസാരിച്ചു. തുടർന്ന് െഎക്യദാർഢ്യ പ്രതിജ്ഞയെടുത്തു. അസീസ് വയനാട് സമാപന പ്രഭാഷണം നിർവഹിച്ചു. കഠ്വ സംഭവം സംബന്ധിച്ച വിഡിയോ പ്രദർശനവും നടന്നു.
ബുറൈമി: കഠ്വ സംഭവത്തിൽ പ്രതിഷേധിച്ച് ബുറൈമിയിലെ കായിക-സാംസ്കാരിക കൂട്ടായ്മയായ ബുറൈമി ബ്ലാസ്റ്റേഴ്സ് പ്രതിഷേധ സംഗമം നടത്തി. പ്രതികൾക്കും അവർക്ക് സംരക്ഷണം നൽകുന്നവർക്കും മാതൃകാപരമായ ശിക്ഷ ഇന്ത്യൻ നീതിപീഠം നൽകുമെന്ന പ്രതീക്ഷയുണ്ടെന്ന് ക്ലബ് സെക്രട്ടറി ശംസുദ്ദീൻ കുന്നപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡൻറ് ഖലീൽ റഹ്മാൻ എടക്കഴിയൂരും മറ്റു ഭാരവാഹികളും ടീം അംഗങ്ങളും പ്രതിഷേധത്തിൽ പങ്കു ചേർന്നു.