ജൂലൈയിലെ വാർഷിക പണപ്പെരുപ്പം 3.2 ശതമാനമായി ഉയർന്നു
text_fieldsമസ്കത്ത്: ഒമാനിൽ ഭക്ഷ്യസാധനങ്ങളുടെയും യാത്രാചെലവുകളുടെയും വിലക്കയറ്റത്തെത്തുടർന്ന് വാർഷിക പണപ്പെരുപ്പ നിരക്കിൽ വർധനവ്. ജൂലൈയിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, രാജ്യത്തെ പണപ്പെരുപ്പം 3.2 ശതമാനമായി ഉയർന്നതായി ദേശീയ സ്ഥിതിവിവരക്കണക്ക് വിവര കേന്ദ്രം (എൻ.സി.എസ്ഐ) പുറത്തുവിട്ട ഏറ്റവും പുതിയ ഉപഭോക്തൃ വിലസൂചിക വ്യക്തമാക്കുന്നു.
പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവക്കുണ്ടായ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും നോൺ ആൽക്കഹോളിക് പാനീയങ്ങളുടെയും വിലയിൽ 7.3 ശതമാനത്തിന്റെ വാർഷിക വർധനവുണ്ടായി. യാത്രാചെലവുകൾ 6.5 ശതമാനവും മറ്റ് വ്യക്തിഗത സേവനങ്ങളുടെ നിരക്കുകൾ 5.3 ശതമാനവും വർധിച്ചു. പച്ചക്കറി വിലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 19.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. പഴവർഗങ്ങൾക്ക് 15.8 ശതമാനവും ഇറച്ചിക്ക് 8.7 ശതമാനവും മത്സ്യത്തിന് 5.7 ശതമാനവും വില വർധിച്ചു.
റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ 3.6 ശതമാനവും ഫർണിച്ചർ, ഗൃഹോപകരണങ്ങൾ എന്നിവക്ക് 3.1 ശതമാനവും വിദ്യാഭ്യാസ മേഖലയിൽ 2.2 ശതമാനവും ചെലവേറി. അതേസമയം വീട്ടുവാടക, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ ഇന്ധന നിരക്കുകളിൽ 0.6 ശതമാനത്തിന്റെ നേരിയ കുറവുണ്ടായിട്ടുണ്ട്. കമ്യൂണിക്കേഷൻസ്, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ നിരക്കിൽ മാറ്റമില്ല.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ പണപ്പെരുപ്പ നിരക്കാണ് രേഖപ്പെടുത്തിയത്. അൽ ദാഹിറ ഗവർണറേറ്റിലാണ് ഏറ്റവും ഉയർന്ന നിരക്ക്; 4.4 ശതമാനം. ഏറ്റവും കുറവ് ദോഫാറിലാണ്; 2.1 ശതമാനം.അൽ ദാഹിറ: 4.4 ശതമാനം, അൽ ദാഖിലിയ- 3.7 ശതമാനം, മസ്കറ്റ്, അൽ വുസ്ത- 3.4 ശതമാനം, തെക്കൻ ശർഖിയ, മുസന്ദം- 3 ശതമാനം, ബുറൈമി- 2.8 ശതമാനം, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ: 2.5 ശതമാനം, തെക്കൻ ബാത്തിന: 2.4 ശതമാനം, ദോഫാർ: 2.1 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

