വിലക്കയറ്റവും നിയമലംഘനവും തടയാൻ അൽ ജാസിറിൽ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധന; കീടനാശിനികൾ പിടിച്ചെടുത്തു
text_fieldsമസ്‌കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ വിലായത്തിൽ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെയും കൃഷി, ഫിഷറീസ്, ജലവിഭവ ഡയറക്ടറേറ്റിന്റെയും അൽ ജാസിർ മുൻസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് അധികൃതർ സംയുക്തമായി റെയ്ഡ് സംഘടിപ്പിച്ചത്.
വിപണിയിലെ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വിലക്കയറ്റം തടയുക, വ്യാപാരികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക എന്നിവയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ സുരക്ഷിതമായ ഒരു വാണിജ്യ അന്തരീക്ഷം ഉറപ്പാക്കാനും വിപണിയിലെ സ്ഥിരത നിലനിർത്താനും സാധിക്കും.
വിലായത്തിലെ വിവിധ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും അധികൃതർ നേരിട്ടെത്തി ഫീൽഡ് പരിശോധനകൾ നടത്തി. വിൽപനക്കായി വെച്ചിരുന്ന ഉൽപന്നങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ആരോഗ്യ-സാങ്കേതിക നിർദേശങ്ങൾ അനുസരിച്ചാണോ ഇവ വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി. പരിശോധനക്കിടയിൽ, ഔദ്യോഗിക ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപനക്ക് വെച്ചിരുന്ന നിരവധി കീടനാശിനികൾ അധികൃതർ പിടിച്ചെടുത്തു. ഇവ വിപണിയിൽ വിതരണം ചെയ്യുന്നത് തടയാനും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

