സംയുക്ത ശ്രമങ്ങൾ ഫലം കാണുന്നു; റോഡപകടങ്ങളിൽ ഗണ്യമായ കുറവ്
text_fieldsറോയൽ ഒമാൻ പൊലീസ് നഗരത്തിൽ നടത്തുന്ന പേട്രാളിങ്
മസ്കത്ത്: രാജ്യത്തെ റോഡപകടങ്ങളിൽ ഗണ്യമായി കുറവുവന്നതായി റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ സുലൈം അൽ ഫലാഹി പറഞ്ഞു. സമീപവർഷങ്ങളിൽ കൈവരിച്ച ഗണ്യമായ പുരോഗതി എടുത്തുകാണിച്ച് ഒമാൻ വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥാപനങ്ങളുടെയും സമൂഹ ഇടപെടലിന്റെയും സംയുക്ത ശ്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സുൽത്താനേറ്റിന്റെ ഗവർണറേറ്റുകളിലുടനീളമുള്ള ഗതാഗത സുരക്ഷാ സ്ഥാപനങ്ങൾക്ക് റോഡപകടങ്ങൾ കുറക്കുന്നതിൽ സുപ്രധാന പങ്കാണുള്ളത്. ഡ്രൈവർമാർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും ഇടയിൽ റോഡ് സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ട്.
സുരക്ഷിതവും ഫലപ്രദവുമായ പരിശീലനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി അവർ സിമുലേറ്ററുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ അവരുടെ പരിശീലകർക്ക് തുടർച്ചയായ പ്രഫഷനൽ ക്ലാസുകൾ നൽകുന്നു. പ്രതിരോധ ഡ്രൈവിങ്, വാഹന പരിശോധന, പ്രഥമശുശ്രൂഷ, ഗതാഗത നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ വിശാലമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വികസിപ്പിച്ചെടുത്ത പ്രതിരോധ ഡ്രൈവിങ് പ്രോഗ്രാമിന് കീഴിൽ സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നത് പ്രധാന സംരംഭമാണ്. പ്രകടന നിരീക്ഷണം വഴി ഡ്രൈവിങ് നിലവാരം മെച്ചപ്പെട്ടതായും പങ്കെടുക്കുന്നവരിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞതായും കാണിക്കുന്നു.
ഉയർന്നുവരുന്ന സാങ്കേതികപ്രവണതകളെ അഭിസംബോധന ചെയ്യാനായി ആർ.ഒ.പി ഇതിനകം തന്നെ സ്മാർട്ട് ട്രാഫിക് മോണിറ്ററിങ് സംവിധാനങ്ങൾ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഭാവിയിലെ ട്രാഫിക് മാനേജ്മെന്റ് പദ്ധതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം സജീവമായി പരിശോധിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ സ്ഥിരീകരിച്ചു. ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റങ്ങളെ (ഐ.ടി.എസ്) പിന്തുണക്കുന്നതിനായി ആർ.ഒ.പി റോഡ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ഓട്ടോമേറ്റഡ് മോണിറ്ററിങ്, പ്രധാന ഹൈവേകളിൽ സ്മാർട്ട് നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നയം രൂപപ്പെടുത്തുന്നതിൽ ദേശീയ റോഡ് സുരക്ഷാ കമ്മിറ്റി നിർണായക പങ്കാണ് വഹിക്കുന്നത്. ദേശീയ ഗതാഗത സുരക്ഷാ തന്ത്രങ്ങൾ നടപ്പാക്കുന്നതിന് കമ്മിറ്റി പ്രസക്തമായ മന്ത്രാലയങ്ങളുമായും ഏജൻസികളുമായും അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ അൽ ഫലാഹി വിശദീകരിച്ചു.
ബോധവത്കരണ കാമ്പയിനുകൾ, ലക്ഷ്യബോധമുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ഉയർന്ന അപകടസാധ്യതയുള്ള മേഖലകൾ തിരിച്ചറിയൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചെറുപ്പം മുതലേ ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റം വളർത്തിയെടുക്കുന്നതിന് കുട്ടികളെ പ്രാരംഭഘട്ട ഗതാഗത വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് 2022-2023 അധ്യയനവർഷത്തിൽ ആരംഭിച്ച ‘റോഡ് ഫ്രണ്ട്സ്’ പരിപാടിയാണ് പ്രധാന സംരംഭം.
തുടക്കത്തിൽ തെരഞ്ഞെടുത്ത സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഇത് വിവിധ ഗവർണറേറ്റുകളിലായി 33 സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മെച്ചപ്പെട്ട റോഡ് അടിസ്ഥാനസൗകര്യങ്ങൾ, സ്ഥിരമായ പൊതുജന അവബോധ ശ്രമങ്ങൾ, ഉത്തരവാദിത്തമുള്ള ഡ്രൈവർ പെരുമാറ്റം എന്നിവയാണ് ഗതാഗത അപകടങ്ങൾ കുറയുന്നതിന് പ്രധാന കാരണമെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു.
എന്നിരുന്നാലും വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം, നഗരവ്യാപനവും ജനസംഖ്യാ വളർച്ചയും, പരിമിതമായ പൊതുഗതാഗത ഓപ്ഷനുകൾ, മൊബൈൽ ഫോൺ ഉപയോഗം പോലുള്ള സാധാരണ സുരക്ഷിതമല്ലാത്ത ഡ്രൈവിങ് പെരുമാറ്റങ്ങൾ, അമിത വേഗം, സിഗ്നൽ നൽകാതിരിക്കൽ, പതിവ് വാഹന അറ്റകുറ്റപ്പണികൾ അവഗണിക്കൽ എന്നിവ ഉൾപ്പെടെയുള്ള കാര്യമായ വെല്ലുവിളികൾ ഇപ്പോഴുമുണ്ട്. ഈ വെല്ലുവിളികളെ മറികടക്കുന്നതിന് വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള തുടർച്ചയായ സഹകരണം ആവശ്യമാണെന്ന് ബ്രിഗേഡിയർ അൽ ഫലാഹി ഊന്നിപ്പറഞ്ഞു. ഗതാഗതനിയമങ്ങൾ പാലിച്ചും ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് ഒഴിവാക്കിയും ബോധവത്കരണ പരിപാടികളിൽ പങ്കെടുത്തും ഓരോ പൗരനും താമസക്കാരനും ഈ ശ്രമങ്ങളിൽ പങ്കുചേരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

