അലങ്കാര ദീപങ്ങൾക്ക് പിന്നിലെ മലയാളി സാന്നിധ്യം
text_fieldsമസ്കത്ത്: മസ്കത്ത് ഫെസ്റ്റിവൽ കാണാനെത്തുന്ന ഏതൊരാളെയും ആകർഷിക്കുന്ന ഒന്നാണ് അവിടത്തെ അലങ്കാരദീപങ്ങൾ. പത്തു വർഷമായി ഇതിന് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്, തിരുവനന്തപുരം സ്വദേശി ജിജി. ജിജിയുടെ നേതൃത്വത്തിൽ നൽകുന്ന ആറുപേരാണ് അമിറാത്തിലെ അലങ്കാര ജോലികൾ ഒരുക്കുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരൻ കൂടിയായ ജിജിക്ക് പത്തു വർഷം മുമ്പാണ് മുനിസിപ്പാലിറ്റി ഈ ചുമതല നൽകിയത്. ഇടക്ക് ഒരു വർഷം മറ്റൊരു കമ്പനിക്ക് കരാർ കൊടുത്തെങ്കിലും അവർക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ജിജിയെതന്നെ വീണ്ടും ഏൽപ്പിച്ചു.
പിന്നീട് ഇതുവരെ മാറ്റമില്ലാതെ ഇദ്ദേഹം ഇൗ ചുമതല നിർവഹിച്ചുവരുന്നു. ഓരോ വർഷവും വിവിധ രീതിയിലുള്ള അലങ്കാര ദീപങ്ങൾ കണ്ടെത്തുക വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് ജിജി പറയുന്നു. ഒരേരീതിയിലുള്ള വിളക്കുകൾ ആയാൽ ആളുകൾക്ക് മടുപ്പുണ്ടാക്കും. അതിനാൽ, വിവിധ ദീപങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കും. ഓരോ ഫെസ്റ്റിവലും കഴിയുമ്പോൾ എല്ലാ വിളക്കുകളും ഭദ്രമായി അഴിച്ചു വെക്കണം. കേടുപാടുകൾക്ക് സാധ്യതയുള്ളതിനാൽ ഫെസ്റ്റിവൽ കഴിയുംവരെ ജിജിയും സഹായികളും അമിറാത്തിൽ തന്നെ ഉണ്ടാകും.
ഏറെ സംതൃപ്തി നൽകുന്ന ഒന്നാണ് ഇൗ ജോലിയെന്ന് ജിജി പറയുന്നു. ഈ അലങ്കാര ദീപങ്ങൾക്കു പിന്നിൽ ഞാൻ ആണെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല.
തെൻറ മുന്നിലൂടെ കടന്നുപോകുന്ന പലരും ഈ ദീപങ്ങളെ കുറിച്ച് നന്നായി സംസാരിക്കുമ്പോൾ അഭിമാനം തോന്നും. മസ്കത്ത് നഗരസഭ ഉദ്യോഗസ്ഥർ ഓരോ വർഷവും തന്നെ അഭിനന്ദിക്കാറുണ്ടെന്ന് ജിജി പറഞ്ഞു. വ്യത്യസ്ത ദേശങ്ങളിൽനിന്നുള്ള ആളുകൾ ആണ് ഈ ടീമിൽ ഉള്ളത്. അവരുടെ ആശയങ്ങളും ഒാരോ വർഷത്തെയും ദീപാലങ്കാരം വേറിട്ടതാക്കാൻ സഹായിക്കാറുണ്ട്. സുധീഷ് കുമാർ, രമേഷ്, സമീർ, വസീം, രമേശ് ഉള്ളിയിൽ എന്നിവരാണ് ജിജിയോടൊപ്പം ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
